പുതുമുഖങ്ങളെ അണിനിരത്തി ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ഒരു അഡാറ് ലവ്. ചിത്രത്തിന് ഇത്രമേല്‍ പ്രൊമോഷന്‍ ലഭിക്കാന്‍ ഇടയായത് പ്രിയാ വാര്യരുടെ കണ്ണിറുക്കല്‍ ആണ്. ഒരു പാട്ടിലൂടെ ഇത്രമേല്‍ കത്തിയപ്പോള്‍ തിരക്കഥ തന്നെ പ്രിയയ്ക്ക് വേണ്ടി പൊളിച്ച് എഴുതിയിരുന്നു. ഇപ്പോള്‍ വീണ്ടും ആ ചിത്രത്തിന് കത്രിക വെച്ചിരിക്കുകയാണ്. ചിത്രം തീയ്യേറ്ററുകളില്‍ എത്തിയിട്ടും വിചാരിച്ച അത്രമേല്‍ അങ്ങ് ക്ലിക്കായില്ല. ഇപ്പോള്‍ പ്രേക്ഷക പ്രതികരണം മാനിച്ചാണ് ക്ലൈമാക്‌സ് പൊളിച്ചെഴുതി വീണ്ടും ചിത്രീകരണത്തിന് എത്തുന്നത്.
ക്ലൈമാക്സ് മാറ്റിയ പതിപ്പ് ബുധനാഴ്ച നൂണ്‍ഷോ മുതലാവും തീയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക. സിനിമ ഇഷ്ടപ്പെട്ട പ്രേക്ഷകരില്‍ പലര്‍ക്കും ക്ലൈമാക്സിനോട് പൊരുത്തപ്പെടാനാവുന്നില്ലെന്നും അതിനാല്‍ 10 മിനിറ്റോളം ദൈര്‍ഘ്യമുള്ള മറ്റൊരു ക്ലൈമാക്സ് പുതുതായി ഷൂട്ട് ചെയ്തെന്നും സംവിധായകന്‍ ഒമര്‍ ലുല പറഞ്ഞു. ക്ലൈമാക്സ് മാറ്റുന്നതിനൊപ്പം ചിത്രത്തിന്റെ ദൈര്‍ഘ്യവും 10 മിനിറ്റ് വെട്ടിക്കുറച്ചിട്ടുണ്ട്. 2 മണിക്കൂര്‍ ആയിരിക്കും ദൈര്‍ഘ്യം. പുതുതായി ഷൂട്ട് ചെയ്ത ക്ലൈമാക്സിന് പശ്ചാത്തല സംഗീതം നല്‍കുന്നത് ഗോപി സുന്ദറാവും.
‘റിയലിസ്റ്റിക് ക്ലൈമാക്സ് ആയിരുന്നു സിനിമയുടേത്. പക്ഷേ അത് നമ്മുടെ പ്രേക്ഷകര്‍ക്കു താങ്ങാന്‍ പറ്റുന്നില്ല. സിനിമ കണ്ടവര്‍ക്കൊക്കെ ഒരുവിധം ഇഷ്ടമായി. പക്ഷേ മറ്റുള്ളവരോടു ചിത്രത്തെക്കുറിച്ച് കൂടുതല്‍ പറയാന്‍ മടി. അതിനു കാരണം ക്ലൈമാക്സ് ആണ്. എന്റെ ആദ്യ രണ്ടു സിനിമകളും മുഴുനീള കോമഡിയായിരുന്നു. അത്തരം സിനിമകള്‍ ചെയ്ത എന്നില്‍നിന്ന് ഇത്തരമൊരു ക്ലൈമാക്സ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചു കാണില്ല.’ഒമര്‍ പറഞ്ഞു.
Discussion about this post