ഷെയ്ന് നിഗം, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മധു സി നാരായണന് സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്സ് ഫെബ്രുവരി ഏഴിന് തിയേറ്ററുകളിലെത്തും. ഐഎഫ്എഫ്കെ വേദിയിലെത്തിയ ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ ദിലീഷ് പോത്തനാണ് ഇക്കാര്യം അറിയിച്ചത്. ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ശ്യാം തന്നെയാണ്.
ഷെയ്ന് നിഗം, ഫഹദ് ഫാസില്‍ എന്നിവരെ കൂടാതെ സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി തുടങ്ങി നീണ്ട താരനിര ചിത്രത്തിലുണ്ട്. ദിലീഷ് പോത്തന് – ശ്യാം പുഷ്കരന് ടീം ഒന്നിച്ച മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകള്‍ ദേശീയ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഐഎഫ്എഫ്കെയില് മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക്ക് പുരസ്കാരവും തൊണ്ടിമുതലും ദൃക്സാക്ഷിയും സ്വന്തമാക്കിയിരുന്നു.
Discussion about this post