കൊച്ചി: ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം വാരിയംകുന്നന് പ്രഖ്യാപിച്ചതുമുതല്‍ ചിത്രത്തിനെതിരെ ആക്രമണം രൂക്ഷമായിരുന്നു. ഇപ്പോഴിതാ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റമീസ് ചിത്രത്തില്‍ നിന്നും നിന്ന് ഒഴിവായതായി ആഷിഖ് അബു അറിയിച്ചു.
റമീസ് സമൂഹമാധ്യമങ്ങളില്‍ എഴുതിയ രാഷ്ട്രീയ നിലപാടുകളും പോസ്റ്റുകളും ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തില്‍ നിന്നുമുള്ള പിന്മാറ്റം. രാഷ്ട്രീയവും വ്യക്തിപരമായ നിലപാടുകളും കാരണമാണ് റമീസ് ചിത്രത്തില്‍ നിന്നും പിന്മാറുന്നതെന്ന് ആഷിഖ് അബു ഫേസ്ബുക്കിലൂടെ അറിയിച്ചു.
തനിക്കെതിരെ ഉള്ള ഈ ആരോപണങ്ങളെല്ലാം സത്യത്തില്‍ ബാധിക്കേണ്ടത് തന്നെ മാത്രമാണ്. പക്ഷെ, ദൗര്‍ഭാഗ്യവശാല്‍ അത് ഇപ്പോള്‍ ഈ സിനിമയുടെ നടത്തിപ്പുകാരെ കൂടി വിഷമത്തിലാക്കിയിരിക്കുകയാണ്. അത് സംഭവിച്ച് കൂടാത്തതാണ്. ആയതിനാല്‍, തന്റെ നിരപരാധിത്വം തെളിയിക്കും വരെ ഈ സിനിമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്നും താന്‍ താല്‍ക്കാലികമായി വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുകയാണെന്ന് റമീസ് പറഞ്ഞു.
തനിക്കെതിരെ ഉള്ള ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിച്ച ശേഷം ആ പ്രവര്‍ത്തനങ്ങളിലേക്ക് താന്‍ തിരിച്ച് വരികയും ചെയ്യുന്നതായിരിക്കും. ഈ വിവരങ്ങള്‍ ‘വാരിയംകുന്നന്’ എന്ന സിനിമയുടെ നിര്‍മാതാക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും റമീസ് വ്യക്തമാക്കി.
സിനിമ പ്രഖ്യാപിച്ചതിന് ശേഷം റമീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹത്തോട് വിശദീകരണം ആരായുകയും ചില കാര്യങ്ങളില്‍ അദ്ദേഹം തെറ്റ്സമ്മതിക്കുകയും പരസ്യമായി ഫെയ്സ്ബുക്കില്‍ മാപ്പുപറയുകയും ചെയ്തു. തന്റെ ഉദ്ധേശശുദ്ധിയുടെ മേല്‍ സംശയത്തിന്റെ നിഴല്‍ വീണ നിലക്ക് അത് റമീസ് വ്യക്തിപരമായി പൊതുസമൂഹത്തോടു വിശദീകരിക്കുമെന്ന് ആഷിഖ് അബു പറഞ്ഞു
ആഷിഖ് അബുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
റമീസിന്റെ രാഷ്ട്രീയനിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ല. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയ നിലപാടുകളോടും വിയോജിപ്പാക്കാനാണ് സാധ്യത. മറ്റൊരു സംവിധായകനുമായി വാരിയംകുന്നന് എന്ന ചിത്രം നിര്‍മിക്കുന്നതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ വര്‍ഷങ്ങളായി നടന്നുവരുന്നു. റമീസും ആദ്യം മുതല്‍ തന്നെ ഈ ഉദ്യമത്തില്‍ ഉണ്ടായിരുന്നയാളായി, ഇതിനായി റിസേര്‍ച്ചുകള്‍ ചെയ്ത വ്യക്തിയുമായിട്ടാണ് ഞാനറിയുന്നത്. മൂന്ന് നാല് മാസങ്ങള്‍ക്ക് മുന്‍പ് മാത്രം. സിനിമ പ്രഖ്യാപിച്ചതിന് ശേഷം റമീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹത്തോട് വിശദീകരണം ആരായുകയും ചില കാര്യങ്ങളില്‍ അദ്ദേഹം തെറ്റ്സമ്മതിക്കുകയും പരസ്യമായി ഫെയ്സ്ബുക്കില്‍ മാപ്പുപറയുകയും ചെയ്തു. തന്റെ ഉദ്ധേശശുദ്ധിയുടെ മേല്‍ സംശയത്തിന്റെ നിഴല്‍ വീണ നിലക്ക് അത് റമീസ് വ്യക്തിപരമായി പൊതുസമൂഹത്തോടു വിശദീകരിക്കും. തന്റെ വിശ്വാസ്യത സമൂഹത്തെയും ടീമിനേയും ബോധ്യപെടുത്താന്‍ റമീസിന് ബാധ്യതയുണ്ട്. അതുവരെ വാരിയംകുന്നന് എന്ന സിനിമയുടെ തിരക്കഥാകൃത്തെന്ന സ്ഥാനത്തുനിന്ന് മാറി നില്ക്കാന് തീരുമാനിക്കുന്നതായി റമീസ് അറിയിച്ചിരിക്കുന്നു. സിനിമ മുന്നോട്ട്.
റമീസ് മുഹമ്മദിന്റെ പ്രതികരണം
ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നന് എന്ന സിനിമയുടെ തിരക്കഥാകൃത്ത് എന്ന നിലയില്‍, ഇപ്പോള്‍ വാരിയംകുന്നന് എന്ന സിനിമക്ക് നേരെ ഉണ്ടായിട്ടുള്ള വിവാദങ്ങളെ കുറിച്ച് എനിക്ക് ചിലത് പറയാനുണ്ട്. അതില്‍ പ്രധാനം എനിക്ക് എതിരില്‍ നടക്കുന്ന അപവാദ പ്രചരണങ്ങളെക്കുറിച്ചാണ്. എനിക്കെതിരെ ഉണ്ടായിരുന്ന ആരോപണങ്ങളില്‍ എനിക്ക് തന്നെ സ്വയം തെറ്റെന്ന് തോന്നുന്ന കാര്യത്തില്‍ ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. ബാക്കിയെല്ലാ ആരോപണങ്ങളും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനിച്ചതോ തെറ്റായ പ്രചരണങ്ങളോ ആണ്. അവയെല്ലാം തെറ്റാണെന്ന് തെളിയിക്കാന്‍ എനിക്ക് കഴിയുകയും ചെയ്യും. ഞാന്‍ അത് തെളിയിക്കുകയും എന്റെ നിരപരാധിത്വം പൊതുസമൂഹത്തില്‍ ബോധിപ്പിക്കുകയും ചെയ്യും.
എന്നാല്‍, എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങളെല്ലാം സത്യത്തില്‍ ബാധിക്കേണ്ടത് എന്നെ മാത്രമാണ്. പക്ഷെ, ദൌര്‍ഭാഗ്യവശാല്‍ അത് ഇപ്പോള്‍ ഈ സിനിമയുടെ നടത്തിപ്പുകാരെ കൂടി വിഷമത്തിലാക്കിയിരിക്കുകയാണ്. അത് സംഭവിച്ച് കൂടാത്തതാണ്. ആയതിനാല്‍, എന്റെ നിരപരാധിത്വം തെളിയിക്കും വരെ ഈ സിനിമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്നും ഞാന്‍ താല്‍ക്കാലികമായി വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുകയാണ്. എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിച്ച ശേഷം ആ പ്രവര്‍ത്തനങ്ങളിലേക്ക് ഞാന്‍ തിരിച്ച് വരികയും ചെയ്യുന്നതായിരിക്കും. ഈ വിവരങ്ങള്‍ ‘വാരിയംകുന്നന്’ എന്ന സിനിമയുടെ നിര്‍മാതാക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
Discussion about this post