ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗൗതം മേനോൻ-ധനുഷ് ചിത്രം ‘എന്നൈ നോക്കി പായും തോട്ട’യുടെ റിലീസ് വീണ്ടും മാറ്റിവെച്ചു. മേഘ്നയാണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ചിത്രം സെപ്തംബർ 6 ന് പുറത്തിറക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അവസാന നിമിഷത്തിൽ റിലീസ് തീയതി മാറ്റിവെച്ചതായി അണിയറ പ്രവർത്തകർ തന്നെ അറിയിക്കുകയായിരുന്നു.
‘സിനിമ പറഞ്ഞ ദിവസം തന്നെ പുറത്തിറക്കാൻ പരമാവധി ശ്രമിച്ചു. എന്നാൽ സാധിച്ചില്ല. നിങ്ങളെപ്പോലെ ഞങ്ങളും നിരാശരാണ്. സിനിമ റിലീസ് ഉടൻ തന്നെ സുഗമമായി റിലീസ് ചെയ്യാൻ ഞങ്ങൾ ശ്രമിക്കും. ഇത്രയും കാലം കാത്തിരുന്ന നിങ്ങൾ എല്ലാവരോടും കുറച്ച് കൂടി ക്ഷമിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. സെപ്തംബർ 12 ന് ചിത്രം പ്രദർശനത്തിനെത്തിക്കാൻ സാധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’-നിർമ്മാതാവ് പി മദന്റെ അപേക്ഷ ഇങ്ങനെ.
2016 മാർച്ച് മാസത്തിൽ ഷൂട്ടിങ് ആരംഭിച്ച ചിത്രം ഏകദേശം രണ്ട് വർഷങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തീകരിച്ചത്. ഗൗതം മേനോന്റെ നിർമ്മാണ കമ്പനിയായ ഒൻട്രാഗ എന്റർടൈൻമെന്റാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചത്. സാമ്പത്തിക പ്രതിസന്ധികൾ മൂലം സിനിമയുടെ റിലീസ് നീണ്ടു പോയതായാണ് സൂചന. ചിത്രത്തിലെ ഗാനങ്ങൾ ഒന്നര വർഷം മുൻപ് പുറത്തിറങ്ങിയിരുന്നു. ഡർബുക്ക ശിവ ഒരുക്കിയ ഗാനങ്ങൾ മികച്ച പ്രതികരണമാണ് നേടിയത്.
Discussion about this post