മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രമാണ് ഫാസില്‍ ഒരുക്കിയ ‘മണിച്ചിത്രത്താഴ്’. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്തിനേറെ ബംഗാളി ഭാഷയില്‍ വരെ ചിത്രം റീമേക്ക് ചെയ്തിട്ടുണ്ട്. ഹിന്ദിയില്‍ ‘ഭൂല്‍ ഭുലയ്യ’ എന്ന പേരില്‍ ചിത്രം അണിയിച്ചൊരുക്കിയത് പ്രിയദര്‍ശനാണ്. മലയാളത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ഡോ. സണ്ണി എന്ന കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിച്ചത് അക്ഷയ് കുമാറാണ്.
ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്നാണ് ബോളിവുഡില്‍ നിന്നുള്ള വാര്‍ത്ത. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ചിത്രം ഒരുക്കുന്നത് പ്രിയദര്ശന് അല്ല. നായകനായി എത്തുന്നത് അക്ഷയ് കുമാറും അല്ല. ഹല്ചല്, നോ എന്‍ട്രി, റെഡി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ അനീസ് ബസ്മിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായകനായി എത്തുന്നത് കാര്‍ത്തിക് ആര്യനാണ്. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ഒന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
‘സോനു കെ ടിട്ടു കി സ്വീറ്റി’യുടെ വിജയത്തിന് ശേഷം നിരവധി അവസരങ്ങളാണ് കാര്‍ത്തിക്കിനെ തേടി എത്തിയിരിക്കുന്നത്. 2020 ജൂലൈ 31ന് ചിത്രം തീയ്യേറ്ററുകളിലെത്തും എന്നാണ് അണിയറപ്രവര്‍ത്തകര്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്.
Discussion about this post