ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ദിലീപിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോത്തഗി ആണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. അതേസമയം കുറ്റാരോപിതന്റെ ഹര്‍ജി തള്ളണമെന്നും കുറ്റം ചുമത്തുന്നത് വൈകുന്ന സാഹചര്യം ഒഴിവാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഇന്ന് ആവശ്യപ്പെടും.
തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് അനിവാര്യമാണെന്നാണ് ദിലീപ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. ഇക്കാര്യത്തില്‍ തീര്‍പ്പ് ഉണ്ടാകുന്നത് വരെ കുറ്റം ചുമത്തുന്നത് സ്റ്റേ ചെയ്യണമെന്ന അപേക്ഷയും സുപ്രീം കോടതിയില്‍ ദിലീപ് സമര്‍പ്പിച്ചിട്ടുണ്ട്. ഹര്‍ജി പരിഗണിക്കുന്ന സുപ്രീംകോടതി അപേക്ഷ ഇന്ന് തീര്‍പ്പാക്കാനാണ്
സാധ്യത.
സുപ്രീം കോടതിയുടെ തീരുമാനം ഉണ്ടാകുന്നത് വരെ കുറ്റം ചുമത്തില്ലെന്ന നിലപാട് പ്രോസിക്യൂഷന് സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന് സുപ്രീം കോടതിയെ അറിയിക്കും. അടിയന്തിരമായി ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിക്കണം എന്ന അഭ്യര്‍ത്ഥനയാകും നടത്തുക. ഹര്‍ജിയും അപേക്ഷയും കേസ് നീട്ടിക്കൊണ്ട് പോകാനുള്ള ദിലിപീന്റെ തന്ത്രമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.
Discussion about this post