താരരാജാവിനെ ഏവര്‍ക്കും പ്രിയമാണ്. ഒന്നു കാണാന്‍ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഹേറ്റേഴ്സ് ഉള്‍പ്പടെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നതാണ് വാസ്തവം. അതുപോലെ ഉള്ളംകൊണ്ട് കാണാന്‍ ആഗ്രഹിക്കുകയും ആരാധിക്കുകയും ചെയ്യുകയാണ് കുവൈറ്റ് സ്വദേശിനിയായ നാദിയ. ഏറെക്കാലത്തെ ആഗ്രഹം ഒടുവില്‍ പൂവണിയുകയാണ്. ഇരട്ടി സന്തോഷമാണ് നാദിയയ്ക്ക്. മറ്റൊന്നുമല്ല കാണാന്‍ മാത്രമാണ് ആഗ്രഹിച്ചത്, അതിനപ്പുറം അദ്ദേഹത്തോട് സംസാരിക്കാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും സാധിച്ച സന്തോഷത്തിലാണ് നാദിയ.
ജന്മനായുളള വൈകല്യം മൂലം വീല്‍ചെയറിന്റെ സഹായത്തോടെയാണ് 36കാരിയായ നാദിയ ജീവിക്കുന്നത്. ഒരു പരിപാടിക്ക് വേണ്ടി മോഹന്‍ലാല്‍ കുവൈറ്റില്‍ എത്തിയപ്പോഴാണ് നാദിയ കാണാനെത്തിയത്. ഒരു ടെലിവിഷന്‍ ചാനല്‍ വഴി നാദിയെ പറ്റി മോഹന്‍ലാല്‍ അറിയുകയും പരിപാടിക്കിടെ കാണാന്‍ ക്ഷണിക്കുകയുമായിരുന്നു. സ്റ്റേജിലേക്ക് കയറാന്‍ സാധിക്കാത്തതിനാല്‍ നാദിയയുടെ അടുക്കലേക്ക് മോഹന്‍ലാല്‍ വരികയായിരുന്നു. മുട്ടുകുത്തിനിന്ന് നാദിയോട് സംസാരിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോയയും സോഷ്യല്‍ മീഡിയയില്‍ ജനപ്രീതി നേടി.
ഇഷ്ട താരം അടുത്ത് വന്നപ്പോള്‍ നാദിയയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അത് മറച്ചുവെച്ച് നാദിയ ലാലേട്ടന്റെ തന്നെ സിനിമയായ വന്ദനത്തിലെ ഡയലോഗ് പറഞ്ഞു,’എന്നോട് പറ ഐ ലവ് യു എന്ന്’. ചിരിച്ചുകൊണ്ട് അവളോട് മോഹന്‍ലാല്‍ ഐ ലവ് യു പറഞ്ഞു. പിന്നെ ലാലേട്ടന്റെ സിനിമയിലെ ഡയലോഗുകളും നാദിയ പറഞ്ഞു. ഒടുവില്‍ നീ പോ മോനേ ദിനേശാ എന്നും നാദിയ തിരിച്ചടിച്ചു. നെറുകയില്‍ ഒരു ഉമ്മ നല്‍കിയാണ് അവളെ മോഹന്‍ലാല്‍ മടക്കി അയച്ചത്.
Discussion about this post