തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ബന്ദില്‍ നിന്നും കേരളത്തെ ഒഴിവാക്കിയത്.
ആദ്യഘട്ടമായി അഞ്ചുജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് എട്ടിനാണ് നടത്തുന്നത്. അന്ന് കേരളത്തില്‍ ബന്ദ് നടത്തുന്നത് ബുദ്ധിമുട്ടാകും. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ബദല്‍ സമരമാര്‍ഗങ്ങള്‍ മറ്റു കര്‍ഷകസംഘടനകളുമായി ചര്‍ച്ചനടത്തി തീരുമാനിക്കുമെന്ന് കേരള കര്‍ഷകസംഘം സംസ്ഥാനസെക്രട്ടറി കെഎന്‍ ബാലഗോപാല്‍ പ്രതികരിച്ചു.
ബന്ദില്‍നിന്ന് കേരളത്തെ ഒഴിവാക്കേണ്ടിവരുമെന്നും മറ്റുമാര്ഗങ്ങളുമായി കര്‍ഷകകോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നും സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയും നിലപാട് അറിയിച്ച് രംഗത്തെത്തി.
അതേസമയം, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന് ഇടത് പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. കര്‍ഷകരുടെ പ്രക്ഷോഭത്തിനെതിരെ ബിജെപി നടത്തുന്ന അപകീര്‍ത്തിപരമായ പ്രചാരണത്തെ അപലപിക്കുന്നതായും അറിയിക്കുന്നു.
Discussion about this post