ന്യൂഡല്‍ഹി: ചൈന ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തെന്ന യാഥാര്‍ത്ഥ്യം അറിയാമെങ്കിലും പറയാന്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് ഭയമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് മഹോന്‍ ഭാഗവതിന്റെ വാദം തള്ളി രാഹുല്‍ രംഗത്തെത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെയും ആര്‍എസ്എസിന്റെയും അനുവാദത്തോടെയാണ് ചൈന ഇന്ത്യന്‍ മണ്ണില്‍ കടന്നുകയറിയതെന്നും രാഹുല്‍ ആരോപിച്ചു.
ചൈന നമ്മുടെ പ്രദേശം എങ്ങനെയാണ് കൈയ്യേറിയതെന്നും കൈയ്യേറിക്കൊണ്ടിരിക്കുന്നതെന്നും ലോകത്തിനറിയാം. ഇന്ത്യക്കൊപ്പം തായ്വാന്, വിയറ്റ്നാം, യുഎസ്, ജപ്പാന് എന്നീ രാജ്യങ്ങളുമായി ചൈന പോരാട്ടത്തിലാണ്. എന്നാല്‍ ഇന്ത്യയുടെ പ്രതികരണം ചൈനയെ അസ്വസ്ഥരാക്കിയെന്നും നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥനത്ത് നടന്ന ദസറ ദിന ചടങ്ങിനിടെ മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം.
‘ഉള്ളിന്റെ ഉള്ളില്‍ മോഹന്‍ ഭാഗവതിന് സത്യമറിയാം. പക്ഷേ അക്കാര്യം പറയാന്‍ അദ്ദേഹത്തിന് ഭയമാണ്. ചൈന ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തു. ഇന്ത്യന്‍ സര്‍ക്കാരും ആര്.എസ്.എസും ഇതിന് അനുവാദം നല്‍കിയെന്നതാണ് യാഥാര്‍ഥ്യം’ – രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
Discussion about this post