ഗൊരഖ്പുർ: കൊവിഡ്19 വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ നിർദേശങ്ങളെ കാറ്റിൽപ്പറത്തി മകന്റെ ജന്മദിനാഘോഷം ഗംഭീരമായി നടത്തിയ വ്യവസായിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഗൊരഖ്പുരിൽ നിന്നുള്ള പ്രമുഖ വ്യവസായിക്കെതിരെയാണ് കേസെടുത്തത്. മകന്റെ ജന്മദിനത്തിൽ വീട്ടിലാണ് ഇയാൾ ആഘോഷ പരിപാടി നടത്തിയത്. അറുപതിലധികം അതിഥികളെയും ഇയാൾ പാർട്ടിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു.
ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് വ്യാപകമായി പ്രചരിച്ചതോടെ പോലീസ് സ്വമേധയാ അന്വേഷണം ആരംഭിക്കുകയായിരുന്നു. ചിത്രങ്ങൾ യഥാർഥമാണെന്ന് തെളിഞ്ഞതോടെയാണ് വ്യവസായിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ജന്മദിനാഘോഷം സംഘടിപ്പിക്കുന്നതിനെ സമീപത്തെ ആളുകൾ എതിർത്തിരുന്നു. ഇയാൾ താമസിക്കുന്ന അപ്പാർട്ട്മെന്റിലെ നിരവധി പേരെ പരിപാടിയിൽ ക്ഷണിച്ചിരുന്നെങ്കിലും അറുപതോളം പേർ മാത്രമാണ് പരിപാടിയിൽ പങ്കെടുത്തത് എന്ന് സമീപവാസി പറഞ്ഞു.
എപിഡെമിക് ഡിസീസ് ആക്ട്, ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് എന്നിവ പ്രകാരം കന്റോൺമെന്റ് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. പരിപാടിയിൽ പങ്കെടുത്ത കണ്ടലറിയുന്ന മറ്റ് ചിലർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Discussion about this post