മുംബൈ: മഹാരാഷ്ട്രയിലെ സഖ്യത്തെ പിന്തുണച്ചെന്ന വാര്‍ത്ത നിഷേധിച്ച് സിപിഎം. ശിവസേന സര്‍ക്കാരിനെ പിന്തുണച്ച് കത്തുനല്‍കിയെന്ന വാര്‍ത്ത മഹാരാഷ്ട്രയിലെ ഏക സിപിഎം എംഎല്‍എയായ വിനോദ് നിക്കോളെ തള്ളി.
ശിവസേനയെ പിന്തുണച്ചുള്ള ഒരു കത്തും ആര്‍ക്കും നല്‍കിയിട്ടില്ല. ഗവര്‍ണറുടെ കത്തില്‍ സിപിഎമ്മിന്റെ പേര് എങ്ങനെ വന്നു എന്ന് അറിയില്ലെന്നും വിനോദ് നിക്കോളെ പറഞ്ഞു. എന്നാല്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സര്‍ക്കാരിനെ എതിര്‍ക്കില്ലെന്നും നിക്കോളെ വ്യക്തമാക്കി.
സ്വകാര്യ റിസോര്‍ട്ടിലെ മീറ്റിങ്ങില്‍ സിപിഎം പിന്തുണ അറിയിച്ചെന്ന് ബോധ്യപ്പെട്ടതായി ഗവര്‍ണര്‍ ഉദ്ധവ് താക്കറെയെ ക്ഷണിച്ചുള്ള കത്തില്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ സിപിഎം വിശദീകരണം നല്‍കിയത്.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ മറ്റ് എംഎല്‍എമാര്‍ക്കൊപ്പം ചേരാന്‍ ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി കക്ഷികള്‍ നേരത്തെ വിനോദിനെ സമീപിച്ചിരുന്നു. എന്നാല്‍ വിനോദ് നിക്കോളെ ഇത് നിരസിക്കുകയായിരുന്നു.
മഹാരാഷ്ട്രയിലെ ഏക സിപിഎം എംഎല്‍എയായ വിനോദ് നിക്കോളെ പാല്‍ഘര്‍ ജില്ലയിലെ ദഹനു മണ്ഡലത്തിലെ എംഎല്‍എയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പാസ്കല്‍ ധനരെയെ 4,742 വോട്ടുകള്‍ക്കാണ് വിനോദ് പരാജയപ്പെടുത്തിയത്.
ദഹനുവിലെ വടാപാവ് കച്ചവടക്കാരനായിരുന്ന വിനോദ് 2015ലാണ് സിപിഎമ്മില്‍ ചേര്‍ന്നത്. 52,082 രൂപയുടെ ആസ്തിയുള്ള വിനോദ് മഹാരാഷ്ട്ര നിയമസഭയിലെ ഏറ്റവും കുറഞ്ഞ സമ്പത്തുള്ള നിയമസഭാംഗം കൂടിയാണ്.
Discussion about this post