പൂനെ: ‘ഇത് ദൈവത്തിന്റെ കൈകളാണ്’ തന്റെ കൈകളെ നോക്കി 22 കാരി ശ്രേയയാണ് പറയുന്നത്. വാഹനാപകടം തന്റെ ഇരുകരങ്ങളെയും കവര്‍ന്നപ്പോള്‍ ദൈവം വീണ്ടും തനിയ്ക്കായി കരുതിയ കരങ്ങളെ ചേര്‍ത്ത് പിടിച്ചാണ് ശ്രേയ പറയുന്നത്.
പുരുഷന്റെ കൈകളുമായി ജീവിക്കുന്ന ഏഷ്യയിലെ ആദ്യത്തെ പെണ്‍കുട്ടിയാണ് പൂനെക്കാരിയായ ശ്രേയ സിദ്ധ ഗൗഡ. 2016ല്‍ പതിനെട്ടാമത്തെ വയസ്സിലാണ് ശ്രേയയ്ക്ക് തന്റെ ഇരുകൈകളും വാഹനാപകടത്തില്‍പ്പെട്ട് നഷ്ടമാകുന്നത്. അപകടം നടന്ന് ഒന്നര വര്‍ഷം പിന്നിട്ടപ്പോള്‍ മറ്റൊരു അപകടത്തില്‍ ഇരുപത്തിയൊന്നുക്കാരനായ ഒരു യുവാവ് മരണപ്പെടുകയുണ്ടായി. ആ അപകടത്തില്‍പ്പെട്ട യുവാവിന്റെ കൈകളാണ് ശ്രേയക്ക് ദാനമായി ലഭിച്ചത്.
20 സര്ജന്മാരും 16 അനസ്തേഷ്യോളജിസ്റ്റുമാരും അടങ്ങിയ സംഘം പതിമൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ആ യുവാവിന്റെ കൈകള്‍ ശ്രേയയില്‍ വെച്ചു പിടിപ്പിച്ചു. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ പ്ലാസ്റ്റിക് സര്‍ജറി വിദഗ്ദനായ ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഏഷ്യയില്‍ തന്നെ ഇത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു സര്‍ജറി സാധ്യമാകുന്നത്.
മാസങ്ങളും ദിവസങ്ങളും കടന്നു പോകുന്നതിനനുസരിച്ച് അവളുടെ ശരീരത്തില്‍ വെച്ചു പിടിപ്പിച്ച ആ പുതിയ അതിഥിയെ ശരീരം തന്നെ സ്വീകരിക്കാന്‍ തുടങ്ങി. പതിയെ മുട്ടുകള്‍ താഴേക്കുള്ള ഞരമ്പുകള്‍ വഴി രക്തം കടന്നു പോകാനും സിഗ്നലുകള്‍ നല്‍കാനും തുടങ്ങി. കൂടാതെ ഒരാള്‍ക്ക് കൈ ഉപയോഗിച്ചു ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ശ്രേയക്കും സ്വന്തമായി ചെയ്യാന്‍ കഴിഞ്ഞു.
എന്നാല്‍, ദൈവ നിയോഗം പോലെ ഇരുണ്ട പരുക്കന്‍ കൈകള്‍ ഇന്ന് വെളുത്തു മെലിഞ്ഞ മിനുസമുള്ള ഒരു സ്ത്രീയുടെ കൈകള്‍ ആയി മാറി ശ്രേയയുടെ ശരീരത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്.
ഇതിനെ കുറിച്ച് ശ്രേയ 2019ല്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു, ‘i’am the first female in the world to have male hands’ എന്ന്. എന്നാല്‍ ഇന്ന് ശ്രേയ തന്നെ പറയുന്നത് ഇങ്ങനെയാണ്,
”ഈ ഒരു മാറ്റത്തിന് ശാസ്ത്രത്തിനു പറയാന്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ടാകും. എന്നാല്‍, എനിക്ക് പറയാന്‍ ഉള്ളത് ഒന്നേയുള്ളൂ. ഇത് ദൈവ കരങ്ങളാണ്”…
Discussion about this post