പിതൃദിനത്തില്‍ അച്ഛന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് നടന് ഗോകുല്‍ സുരേഷ് ഗോപി. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം തന്റെ പിതാവ് സുരേഷ് ഗോപിയെ കുറിച്ചുള്ള നിമിഷങ്ങളും മറ്റും പങ്കുവെച്ചത്. അച്ഛന് അഭിനേതാവായി തന്നെ തുടരനാണ് താല്പര്യമെന്ന് താരം പറയുന്നു. അച്ഛനെന്ന രാഷ്ട്രീയക്കാരന് ഒരു യഥാര്‍ത്ഥ രാഷ്ട്രീയക്കാരന് അല്ലെന്നും ഗോകുല്‍ സുരേഷ് പറയുന്നു. അതിനുള്ള കാരണവും ഗോകുല്‍ പങ്കുവെയ്ക്കുന്നുണ്ട്.
ഗോകുല്‍ സുരേഷിന്റെ വാക്കുകള്‍;
അച്ഛന് അഭിനേതാവായി ഇരിക്കുന്നതാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. അച്ഛന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്. കാരണം അച്ഛനെന്ന രാഷ്ട്രീയക്കാരന് ഒരു യഥാര്‍ഥ രാഷ്ട്രീയക്കാരന് അല്ല. നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുത്താല്‍ ആയിരം രൂപ എവിടുന്ന് പിരിക്കാം എന്ന് അറിയുന്നവരാണ് യഥാര്‍ഥ രാഷ്ട്രീയക്കാരന്. അച്ഛന് എങ്ങനെയാണെന്ന് വച്ചാല്‍ പത്ത് രൂപ കഷ്ടപ്പെട്ട് പിരിച്ച് നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുക്കുന്ന ആളാണ്. എന്നിട്ടും നികുതി വെട്ടിച്ച കള്ളന് എന്ന് വിളിക്കുന്ന സമൂഹത്തിലാണ് അച്ഛന് ജീവിക്കുന്നത്. ആ ജനത അച്ഛനെ അര്‍ഹിക്കുന്നില്ല.
തൃശ്ശൂരില്‍ അച്ഛന് തോറ്റതില്‍ ഏറെ സന്തോഷിക്കുന്ന ആളാണ് ഞാന്‍,. കാരണം അച്ഛന് ജയിച്ചിരുന്നുവെങ്കില്‍ അത്രയും കൂടെയുള്ള അച്ഛനെ എനിക്ക് നഷ്ടപ്പെട്ടേനേ. അച്ഛന്റെ ആരോഗ്യം നഷ്ടപ്പെട്ടേനേ, സമ്മര്‍ദ്ദം കൂടിയേനേ, അച്ഛന്റെ ആയുസ് കുറഞ്ഞേനേ. അത് ഇവിടുത്തെ ജനത അര്‍ഹിക്കുന്നില്ല. അച്ഛന് സിനിമയിലേക്ക് തിരിച്ചു വന്നതില്‍ ഏറെ സന്തോഷം അനുഭവിക്കുന്നുണ്ട്. അങ്ങനെ തന്നെ തുടരട്ടെ എന്നാണ് എന്റെ ആഗ്രഹവും.
Discussion about this post