പട്ടാമ്പി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായതാണ് സാനിറ്റൈസറും മാസ്കും. വൈറസ് വ്യാപനത്തെ തടയാന്‍ മാസ്ക് നിര്‍ബന്ധമെന്ന ആശയവും, ഇടയ്ക്ക് ഇടയ്ക്ക് കൈ കഴുകണമെന്നും നിര്‍ദേശം മുന്പോട്ട് വെച്ചു. അതിന്റെ ഭാഗമായി സര്‍ക്കാര്‍ പുറത്തിറക്കിയ ബ്രേക്ക് ദ ചെയിനിനു വന്‍ പിന്തുണയാണ് ലഭിച്ചത്.
ഇപ്പോള്‍ മാസ്ക് സംസ്ഥാനത്ത് നിര്‍ബന്ധമാക്കുകയും ചെയ്തു. മാസ്ക് നമ്മുടെ ശീലമാക്കി എടുക്കണമെന്ന നിര്‍ദേശവും ജനങ്ങള്‍ പാലിക്കുന്നുണ്ട്. എന്നാല്‍ ഇതിനൊപ്പം സാനിറ്റൈസറും ശീലമാക്കാമെന്ന നിര്‍ദേശം ഒരു ചെറിയ പരീക്ഷണത്തിലൂടെ മുന്പോട്ട് വെയ്ക്കുകയാണ് വട്ടേനാട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ അഭയ്.
കൊവിഡ് വ്യാപനം തടയാന്‍ പേനയില്‍ സാനിറ്റൈസറൊരുക്കിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കന്. സ്കൂള്‍ വിദ്യാര്‍ഥികളില്‍ ആ ശീലം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അഭയ് പെന്‍ സാനിറ്റൈസര്‍ നിര്‍മ്മിച്ചത്. ഒരുവശം എഴുതുന്നതിനും ഒരുവശത്ത് സാനിറ്റൈസര്‍ നിറച്ച് സ്പ്രേ ചെയ്ത് കൈകള്‍ അണുവിമുക്തമാക്കുന്നതിനും സഹായിക്കുന്ന രീതിയിലാണ് പെന്‍ സാനിറ്റൈസര്‍ ഒരുക്കിയിരിക്കുന്നത്.
സാനിറ്റൈസര്‍ ഒറ്റ നിറയ്ക്കലില്‍ 20 തവണവരെ ഉപയോഗിക്കാനും വീണ്ടും നിറയ്ക്കാനും കഴിയും. ഈ ആശയത്തെ വിദ്യാഭ്യാസവകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് അഭയും കുടുംബവും. ആലൂര് കാര്‍ത്തികയില്‍ ഹരിദാസന്റെയും ക്ഷേമയുടെയും മകനാണ് അഭയ്. സഹോദരി: ആര്‍ദ്ര.
Discussion about this post