തിരുവനന്തപുരം: കേരളം ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. എല്ലാ തീരുമാനങ്ങളും കേന്ദ്രത്തെ അറിയിച്ചാണ് കൈക്കൊണ്ടിട്ടുള്ളതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി ഇന്നലെ രാത്രി തന്നെ വിശദമായി സംസാരിച്ചിരുന്നുവെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് അയച്ച കത്തിന് മറുപടി നല്‍കിയിട്ടുണ്ടെന്നും ടോം ജോസ് പറഞ്ഞു.
ഇന്ന് രാവിലെയാണ് കേരളം ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തുവന്നത്. സംസ്ഥാനത്ത് ബാര്‍ബര്‍ ഷോപ്പുകളും റസ്റ്റോറന്റുകളും വര്‍ക്ക്ഷോപ്പുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് ഗുരുതര ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നോട്ടീസ് അയച്ചത്. മാര്‍ഗരേഖയിലെ വ്യവസ്ഥകള്‍ കേരളം ലംഘിച്ചുവെന്നും കത്തില്‍ കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ചീഫ് സെക്രട്ടറിക്ക് കത്ത് കൈമാറിയത്. കത്തില്‍ സംസ്ഥാനം വിശദീകരണം നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ കര്‍ശനമായി തുടരണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ ചില ഇളവുകള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടാത്ത ചില മേഖലകള്‍ക്കാണ് സംസ്ഥാനസര്‍ക്കാര്‍ ഇളവ് അനുവദിച്ചത്. ഇതാണ് കേന്ദ്രസര്‍ക്കാരിന്റെ വിമര്‍ശനത്തിന് കാരണമായത്.
ഇരുചക്ര വാഹങ്ങളില്‍ രണ്ട് പേര്‍ക്ക് സഞ്ചരിക്കാന്‍ അനുമതി നല്കിയതും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതും കേന്ദ്ര നിര്‍ദേശത്തില്‍ വെള്ളംചേര്‍ത്തുകൊണ്ടാണെന്ന് ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല അയച്ച കത്തില്‍ പറയുന്നത്. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇത്തരത്തില്‍ ഇളവുകള്‍ അനുവദിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
Discussion about this post