വുഹാന്‍: കൊറോണ വൈറസ് ബാധിച്ച് ജനങ്ങള്‍ മരണത്തോട് മല്ലടിക്കുമ്പോള്‍ സ്വന്തം വിവാഹം മാറ്റിവെച്ച് സേവനത്തിന് ഇറങ്ങിയ യുവഡോക്ടര്‍ വൈറസ് ബാധിച്ച് മരിച്ചു. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലെ ജിയാന്‍ഷിയ ജില്ലയിലെ പീപ്പിള്‍സ് നമ്പര്‍ വണ്‍ ആശുപത്രിയില്‍ ജോലി ചെയ്ത് വരികായിരുന്നു ഡോ, പെങ് യിന്‍ഹുവ (29). ചൈനീസ് പുതുവത്സരദിനത്തിലായിരുന്നു പെങ്ങിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്.
എന്നാല്‍ വൈറസ് ബാധിച്ച് ജനം മരണത്തോട് മല്ലടിക്കുമ്പോള്‍ തന്റെ സേവനം അവിടെ ആവശ്യമാണെന്നും വിവാഹം നീട്ടിവെയ്ക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം വിവാഹം നീട്ടിവെയ്ക്കുകയും ചെയ്തു. എന്നാല്‍ പെങ്ങിനെയും വൈറസ് ബാധിച്ചു. ജനുവരി 25നാണ് പെങ്ങിനെ വൈറസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനില വഷളായതോടെ വ്യാഴാഴ്ച വൈകുന്നേരം വുഹാനിലെ ജിന്‍ യിന്റാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
വിവാഹം ക്ഷണിക്കുന്നതിനായി കരുതിവച്ച ക്ഷണക്കത്തുകള്‍ പെങ്ങിന്റെ ഓഫീസിലെ മേശപ്പുറത്ത് തന്നെ ഇരിക്കുകയാണ്. അതൊന്ന് അയക്കാന്‍ പോലും അദ്ദേഹം തന്റെ ഡ്യൂട്ടിക്കിടെ മെനക്കെട്ടിരുന്നില്ലെന്നും തന്റെ കടമകളെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ള ഉത്തമനായ ഡോക്ടറായിരുന്നു പെങ്ങ്. ചൈനയില്‍ കൊറോണയ്ക്കെതിരായുള്ള പോരാട്ടത്തിനിടെ ജീവന് നഷ്ടമാകുന്ന ഒമ്പതാമത്തെ ആരോഗ്യപ്രവര്‍ത്തകനാണ് ഡോ. പെങ്.
കൊറോണ വൈറസിനെ കുറിച്ച് ആദ്യമായി വിവരം നല്കിയ മുപ്പത്തിനാലുകാരനായ ലീ വെന്‍ലിയാങ്ങ് ഫെബ്രുവരി ഏഴിന് മരണപ്പെട്ടിരുന്നു. ചൈനയിലെ വുഹാനില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നുവെന്ന് ആദ്യം ലോകത്തെ അറിയിച്ചത് ലീ ആയിരുന്നു. വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായിരുന്നു അദ്ദേഹം. ഇതിന് പിന്നാലെ വുഹാനിലെ വുചാങ് ആശുപത്രി ഡയറക്ടറും ന്യൂറോ സര്‍ജറി വിദഗ്ധനുമായ ലിയു ഷിമിംഗും കൊറോണ വൈറസ് ബാധിച്ച് ഫെബ്രുവരി 18ന് മരിച്ചിരുന്നു.
Discussion about this post