ചെങ്ങമനാട്: നെടുമ്പാശ്ശേരി അത്താണിയില്‍ ബാറിനു മുന്പില് വെച്ച് യുവാവിനെ മൂന്നംഗ സംഘം വെട്ടികൊലപ്പെടുത്തി. ഞായറാഴ്ച രാത്രി എട്ടോടെയാണ് നാട്ടുകാര്‍ നോക്കിനില്‍ക്കെ അതിദാരുണമായ കൊലപാതകം നടന്നത്. കാറിലെത്തിയ മൂന്നംഗ സംഘമാണ് യുവാവിനെ വെട്ടികൊലപ്പെടുത്തിയത്. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരന്‍ വീട്ടില്‍ പരേതനായ വര്‍ക്കിയുടെ മകന് ബിനോയിയാണ് (34) മരിച്ചത്.
കൊല്ലപ്പെട്ട ബിനോയ് ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറയുന്നു. ‘കാപ്പ’ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുള്ളതായും പോലീസ് വ്യക്തമാക്കി. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. അക്രമത്തിനു ശേഷം മുങ്ങിയ പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ശക്തമായിട്ടുണ്ട്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. മൂന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. റോഡരികില്‍ നിന്നിരുന്ന ബിനോയിയുടെ തലയിലാണ് വെട്ടേറ്റത്. തലയിലും മുഖത്തും തുടരെ വെട്ടിയ പ്രതികള്‍ ബിനോയിയുടെ മുഖം വികൃതമാക്കുകയും ചെയ്തിട്ടുണ്ട്. കേസിലെ പ്രതികളെ തിരിച്ചറിഞ്ഞതായും പോലീസ് വ്യക്തമാക്കി. ചെങ്ങമനാട് പോലീസ് എത്തി മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Discussion about this post