ചെന്നൈ: കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ റോഡരികില്‍ സ്ഥാപിച്ച രാഷ്ട്രീയ പാര്‍ട്ടിയുടെ ഫ്ളക്സ് വീണ് യുവതി മരിച്ചത് ഏറെ വിവാദമായിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ ആരാധകരോട് ഫ്ളക്സ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാ താരങ്ങളും രംഗത്ത് എത്തി.
നടന്മാരായ വിജയ്, സൂര്യ, അജിത്ത് എന്നിവരാണ് ആരാധകരോട് ഫ്ളക്സ് വയ്ക്കുന്നത് ഒഴിവാക്കണമെന്ന് പറഞ്ഞിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ടോ ഫാന്‍സ് അസോസിയേഷനുകളുടെ പേരിലോ ഇനി ഫ്ളക്സുകള്‍ വയ്ക്കരുതെന്നാണ് താരങ്ങള്‍ പുറത്തുവിട്ട പത്രകുറിപ്പില്‍ വ്യക്തമാക്കുന്നത്.
ചെന്നൈയില്‍ ഫ്ളക്സ് വീണ് യുവതി മരിച്ച സംഭവത്തെ തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ ഉള്‍പ്പടെ 3500 ഫ്ളക്സുകളാണ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്ന് മാറ്റിയത്. അനധികൃത ബാനറുകള്‍ മാറ്റാന്‍ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ക്കാണ് ചുമതല. ബാനറുകള്‍ സ്ഥാപിക്കുന്നവര്‍ക്കും പ്രിന്റ് ചെയ്ത് നല്‍കുന്നവര്‍ക്കെതിരെയും ഇനി കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post