ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കുന്നുണ്ടെങ്കില്‍ അറിയിക്കണമെന്ന് സര്‍ക്കാറിനോട് സുപ്രീംകോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ സമീപ ഭാവിയിലേക്ക് എന്തെങ്കിലും പദ്ധതിയുണ്ടെങ്കില്‍ അത് അറിയിക്കാന്‍ നിര്‍ദേശിച്ച കോടതി, കേസ് പരിഗണിക്കുന്നത് സെപ്റ്റംബര്‍ 24ലേക്കു മാറ്റി.
മദ്രാസ്, മുംബൈ, മധ്യപ്രദേശ് ഹൈക്കോടതികളിലുള്ള കേസുകള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന ഫേസ്ബുക്കിന്റെ ആവശ്യത്തില്‍ തീരുമാനമെടുക്കുന്നതിനു മുന്നോടിയായാണു ജസ്റ്റീസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം ആരാഞ്ഞത്. കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രം അറിയിച്ചു.
സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ എന്തെങ്കിലും പദ്ധതിയുള്ളതായി കേന്ദ്രം അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണു കേന്ദ്രത്തിന്റെ നിലപാട് കോടതി ആരാഞ്ഞത്.
എന്നാല്‍, ഇക്കാര്യത്തില്‍ സുപ്രീം കോടതി തന്നെ തീരുമാനമെടുക്കട്ടെയെന്ന നിലപാടാണു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഫേസ്ബുക്കിന്റെ അഭിഭാഷകരും വ്യക്തമാക്കിയത്. ഹൈക്കോടതികള്‍ വിവിധ രീതിയില്‍ പരിശോധിച്ചാല്‍ നടപടികള്‍ നീളുമെന്നും ഇരുകക്ഷികളും അറിയിച്ചു.
സമൂഹമാധ്യമങ്ങള്‍ക്ക് ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കിയാല്‍ സ്വകാര്യതയെ ബാധിക്കുമെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിക്കപ്പെടുമെന്ന് ഫേസ്ബുക്കും അറിയിച്ചു.
Discussion about this post