റിയോ ഡി ജനീറോ: ആമസോണ്‍ വനത്തില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന തീ അണയ്ക്കാനുള്ള കഠിന ശ്രമത്തിലാണ് ബ്രസീലിയന്‍ ഭരണകൂടം. തീയണയ്ക്കാനായി നാല്‍പ്പത്തിനാലായിരം സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്നാണ് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ നടപടികള്‍ ആരംഭിച്ചത്.
ഭൂമിയുടെ ശ്വാസകോശമായ ആമസോണ്‍ കാടുകളില്‍ ഓരോ മണിക്കൂറിലും കത്തിത്തീരുന്നത് ഹെക്ടര്‍ കണക്കിന് വനമാണ്. നഷ്ടമാകുന്നത് അത്യപൂര്‍വ്വ ജന്തുവൈവിദ്ധ്യവും. തീയണക്കാന്‍ അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തില്‍ ബ്രസീലിയന്‍ ഭരണകൂടം സൈന്യത്തെ നിയോഗിച്ചിരിക്കുന്നത്.
44000 സൈനികരുടെ നേതൃത്വത്തിലാണ് തീയണയ്ക്കുന്നത്. സഹായം അഭ്യര്‍ത്ഥിച്ച ആറ് സംസ്ഥാനങ്ങളില്‍ കൂറ്റന്‍ വിമാനങ്ങള്‍ ഉപയോഗിച്ചാണ് തീയണയ്ക്കുന്നത്. ഇതിനായി രണ്ട് സി-130 ഹെര്‍ക്കുലീസ് വിമാനങ്ങളും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പലയിടങ്ങളിലും പുകപടര്‍ന്നത് തീയണയ്ക്കാനുള്ള ശ്രമത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളായ ആമസോണില്‍ കാട്ടുതീ വര്‍ധിച്ചതോടെ ലോകവ്യാപകമായി വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ‘പ്രേ ഫോര്‍ ആമസോണിയ’, ‘ആക്ട് ഫോര്‍ ദി ആമസോണ്‍’ എന്നീ ഹാഷ്ടാഗുകളോടെ സോഷ്യല്‍ മീഡിയയിലും വിഷയം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
Discussion about this post