തിരുവനന്തപുരം: അന്തര്‍സംസ്ഥാന സ്വകാര്യബസ് ഉടമകളുടെ സമരത്തില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ലെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്. സര്‍ക്കാര്‍ ഭയക്കുന്നത് ജനങ്ങളെയാണെന്നും ബസ് ഉടമകളെ അല്ലെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ആര്‍ടിസി അധിക സര്‍വ്വീസ് നടത്തി യാത്രാഭാരം കുറയ്ക്കുമെന്നും, നിയമലംഘനം നടത്തുന്ന കല്ലട ഉള്‍പ്പെടെയുള്ള സ്വകാര്യബസുകള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
കല്ലട സംഭവത്തിന്റെ പേരില്‍ സര്‍ക്കാര്‍ തങ്ങളെ മനഃപൂര്‍വം ദ്രോഹിക്കുന്നെന്നാരോപിച്ചാണ് നാനൂറോളം അന്തര്‍സംസ്ഥാന ബസുകളാണ് സര്‍വ്വീസ് നിര്‍ത്തിവെച്ചത്. ഓപ്പറേഷന് നൈറ്റ് റൈഡേഴ്സ് എന്ന പരിശോധന അവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.
അതേസമയം, ഇന്നലെ സ്വകാര്യ ബസ് ഉടമകളുമായി എകെ ശശീന്ദ്രന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതോടെ സമരം തുടരുമെന്നാണ് ബസ് ഉടമകള്‍ വ്യക്തമാക്കിയിരിക്കുന്നത്. പെര്‍മിറ്റ് ലംഘനത്തിന്റെ പേരില്‍ പിഴ ഈടാക്കുന്നത് താങ്ങാനാകില്ലെന്നും ബസുടമകള്‍ പറഞ്ഞു.
കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റുള്ള ബസുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ സുഗമമായി സര്‍വ്വീസ് നടത്തുന്നു. അതേ പെര്‍മിറ്റുള്ള ബസുകള്‍ക്ക് കേരളത്തില്‍ പിഴ ഈടാക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നെന്നാണ് ബസുടമകളുടെ വാദം. കേന്ദ്ര സര്‍ക്കാര്‍ മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യുന്ന സാഹചര്യത്തില്‍ , നിയമഭേദഗതി ഉണ്ടാകും വരെ പെര്‍മിറ്റ് ലംഘനത്തിന്റെ പേരിലുള്ള നടപടി നിര്‍ത്തിവയ്ക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. സ്യകാര്യ ബസുകള്‍ സമരം തുടരുന്ന പശ്ചാത്തലത്തില്‍ അധിക സര്‍വ്വീസുകളുമായി കെഎസ്ആര്‍ടിസി രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post