കോഴിക്കോട്: കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വൃദ്ധനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വളയം സ്വദേശിയായ പ്രബിന് ദാസാണ് പിടിയിലായത്. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
താനൊരാളെ കുത്തിയെന്ന് പ്രബിന്‍ദാസ് തന്നെയാണ് സ്റ്റേഷനിലെത്തി പറഞ്ഞത്. പൊലീസുകാര്‍ റോഡിലിറങ്ങി നോക്കിയപ്പോള്‍ കഴുത്തില്‍ കുത്തുകൊണ്ട് ഒരാള്‍ വരുന്നതാണ് കണ്ടത്. ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ജയിലില്‍ പോകാനായി കൊലപ്പെടുത്തിയെന്ന് പ്രബിന് പോലീസുകാരോട് പറഞ്ഞതായാണ് വിവരം.
പ്ലസ് ടു വരെ പഠിച്ച പ്രബിന് ദാസ് ജോലിയൊന്നും ലഭിക്കാത്തതില്‍ അസ്വസ്ഥനായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിന് മുമ്പ് രണ്ട് തവണ ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മരിച്ച തമിഴ്നാട് സ്വദേശിയുടെ പേരും മറ്റ് വിവരങ്ങളും ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
Discussion about this post