മുംബൈ: ബിജെപിക്കെതിരേയും നരേന്ദ്ര മോഡിക്കെതിരേയും വിമര്‍ശന ശരങ്ങള്‍ തൊടുത്ത് രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ഗുരുവിനെ നിന്ദിക്കുന്നത് എങ്ങനെ ഹിന്ദുത്വത്തിന്റെ ഭാഗമാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബിജെപിയോടായി ചോദിച്ചു. എല്‍കെ അഡ്വാനിക്ക് സീറ്റ് നല്‍കാതെ പാര്‍ട്ടിയില്‍ നിന്ന് പതിയെ ഒഴിവാക്കിയ മോഡിയുടെ നടപടിയെ വിമര്‍ശിക്കുകയായിരുന്നു രാഹുല്‍. രാഷ്ട്രീയമായി വിയോജിക്കുന്നവരെ ദേശദ്രോഹികളായി ബിജെപി കണ്ടിരുന്നില്ലെന്നും പാര്‍ട്ടിയാണ് വ്യക്തികളല്ല വലുത് എന്നുമുള്ള അഡ്വാനിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മോഡിയെ കടന്നാക്രമിച്ച് രാഹുലെത്തിയത്.
‘ബിജെപി സംസാരിച്ചുകൊണ്ടേയിരിക്കുന്നത് ഹിന്ദുത്വത്തെക്കുറിച്ചാണ്. ഹിന്ദുത്വത്തില്‍ ഗുരു പരമ പൂജനീയനാണ്. അത് ഗുരു-ശിഷ്യ ബന്ധത്തിന്റെ പവിത്രതയെക്കുറിച്ച് പറയുന്നതാണ്. അപ്പോള്‍ ആരാണ് മോഡിയുടെ ഗുരു? അഡ്വാനി. മോഡി അദ്ദേഹത്തെ ചവിട്ടിപുറത്താക്കിയില്ലേ!’ രാഹുല്‍ ചോദിക്കുന്നു.
2019-ലെ തെരഞ്ഞെടുപ്പ് ആശയങ്ങള്‍ തമ്മിലുള്ള യുദ്ധമാണ്. കോണ്‍ഗ്രസിന്റെ സാഹോദര്യം, സ്നേഹം, സമത്വം എന്നീ ആശയങ്ങള്‍ മോഡിയുടെ വെറുപ്പ്, വിദ്വേഷം, ഭിന്നിപ്പിക്കല്‍ എന്നീ ആശയങ്ങളോട് ഏറ്റുമുട്ടുമെന്നും രാഹുല്‍ പറഞ്ഞു.
വര്‍ഷങ്ങളായി ഗാന്ധിനഗര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന അഡ്വാനിയെ ഒഴിവാക്കിയാണ് ഇത്തവണ ബിജെപി അമിത് ഷായ്ക്ക് ഇതേമണ്ഡലത്തില്‍ നിന്നും ടിക്കറ്റ് നല്‍കിയത്. അഡ്വാനിക്ക് പകരം എല്ലാതരത്തിലും അമിത് ഷാ പാര്‍ട്ടിയില്‍ ആധിപത്യം ഉറപ്പിക്കുന്നത് ഇതോടെ വ്യക്തമായിരിക്കുകയാണ്.
Discussion about this post