ഭോപ്പാല്‍: സെയ്ഫ് അലിഖാന്റെ പിതാവ് ടൈഗര്‍ പട്ടൗഡി മത്സരിച്ചിരുന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ബോളിവുഡ് താരം കരീന കപൂര്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാദങ്ങളെ തള്ളി കരീന രംഗത്തെത്തി. തനിക്ക് രാഷ്ട്രീയത്തിലിറങ്ങാന്‍ ഒരു പദ്ധതിയും ഇല്ലെന്ന് അവര്‍ വ്യക്തമാക്കി. നേരത്തെ കരീനാ കപൂര്‍ ഭോപ്പാലില്‍ മത്സരിക്കുമെന്നായിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്തകള്‍.
പട്ടൗഡി മത്സരിച്ചിരുന്ന മണ്ഡലമായിരുന്നതിനാല്‍ ഇവിടെ വിജയസാധ്യത ഉണ്ടെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ബിജെപി മാധുരി ദീക്ഷിതിനെ മത്സരിപ്പിക്കുന്ന സാഹചര്യത്തില്‍ അതിനെ നേരിടാനാണ് കരീനയെ മത്സരിപ്പിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയുടെ പിന്തുണയും ഇതിനുണ്ടായിരുന്നു. അതേസമയം തന്റെ ശ്രദ്ധ അഭിനയത്തിലാണെന്നും രാഷ്ട്രീയത്തില്‍ ഒരു താല്പര്യവുമില്ലെന്നും കരീന വ്യക്തമാക്കി.
മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കളാണ് കരീനയെ മത്സരിപ്പിക്കണമെന്ന് സംസ്ഥാന സമിതിയോട് ആവശ്യപ്പെട്ടതെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍, എന്നാല്‍ ഈ വാര്‍ത്തകള്‍ വാസ്തവിരുദ്ധമാണെന്നും തന്നെ ആരും തന്നെ ഇക്കാര്യവും പറഞ്ഞ് ബന്ധപ്പെട്ടിട്ടില്ലെന്നും താരം പറയുന്നു.
Discussion about this post