കോട്ടയം: കാന്റീനിലെ അടുക്കളയിലിരുന്ന് സവാള അരിയുകയാണ് ഈ ചേച്ചി.. എന്നാല്‍ ഒപ്പം നല്ല രസമായി പാടുന്നുണ്ട്. ‘കനക നിലാവേ തുയിലുണരൂ…തരള വസന്തം വരവായീ…’ എന്നാല്‍ പാട്ടിനൊപ്പം താളം പിടിക്കാന്‍ ആരുമില്ല.. ആകെ കേള്‍ക്കുന്നത് കറിക്കരിയുന്ന ശബ്ദവും ഗ്രൈന്ഡറിന്റെ ഞരക്കവും മാത്രം.
എരിയുന്ന അടുപ്പിനരികില്‍ നിന്ന് രാജഹംസമായ് വന്ന് മലയാളക്കരയുടെ മനം കവര്‍ന്ന ചന്ദ്രലേഖയ്ക്കും ‘ഉനൈ കാണാത്’ പാടി കമല്‍ഹാസന്റെ വരെ പ്രീതി പിടിച്ചു പറ്റിയ രാകേഷിനും ഒരു പിന്‍ഗാമിയെ സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുകയാണ്.
കോട്ടയം തെക്കുംതലയിലെ കെആര്‍ നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കാന്റീനില്‍ അടുക്കളയില്‍ നിന്നാണ് ആ മനോഹര ശബ്ദം ഉയരുന്നത്. അടുക്കളയില്‍ നിന്ന് ഉരുന്ന ശബ്ദം കോട്ടയം ചെങ്ങളം സ്വദേശിയായ വീട്ടമ്മ അമ്പിളിയുടേതാണ്. പാട്ടുകാരിയാകാന്‍ സ്വപ്നം കണ്ടിരുന്ന അമ്പിളിയ്ക്കും വില്ലനായത് വിധിയാണ്. അമ്പിളിയ്ക്ക് വിധി നല്കിയ വേഷം കാന്റീന് ജീവനക്കാരിയുടേതായിരുന്നു. ഗാനമേള വേദികളില്‍ നിറ സാന്നിദ്ധ്യമായിരുന്ന ഇവള് കുടുംബ പ്രാരാബ്ദങ്ങളുടെ കെട്ടുപാടുകളിലേക്ക് ഇറങ്ങിയപ്പോള്‍ പാടാന്‍ മറന്നു.
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ കലാകാരന്മാരായ വിദ്യാര്‍ത്ഥികളാണ് അമ്പിളിയുടെ ഉള്ളിന്റെ ഉള്ളില്‍ ഉറങ്ങിക്കിടന്ന പാട്ടുകാരിയെ പൊടിതട്ടിയെടുത്തത്. കോളേജിലെ കള്‍ച്ചറല്‍ പരിപാടിയിലെ സ്ഥിരം ഗായികയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഒരിടം നല്‍കുന്നതും അവര്‍ തന്നെ. ഇക്കഴിഞ്ഞ ദിവസം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അരുണ്‍ എന്ന വിദ്യാര്‍ത്ഥി മൊബൈലില്‍ പകര്‍ത്തിയ ഗാനം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ എത്തിയതോടെ ചുരുങ്ങിയ സമയം കൊണ്ട് ലൈക്കിലേറുകയും ചെയ്തു.
എന്നാല്‍ പാട്ട് അങ്ങ് കേറി ഹിറ്റായതോടെ അഭിനന്ദനങ്ങളുമായി നിരവധി പേര് രംഗത്തെത്തി. തന്റെ പാട്ടിനെ നെഞ്ചേറ്റിയ എല്ലാവരോടും സ്നേഹം മാത്രം. ഗായികയെന്ന സ്വപ്നം ഒരിക്കല്‍ കൂടി മനസിലിട്ടു തന്ന എല്ലാവരോടും തീര്‍ത്താല്‍ തീരാത്ത നന്ദിയും കടപ്പാടുമുണ്ട്. പക്ഷേ അതിനേക്കാളും വലിയൊരു സ്വപ്നമുണ്ടെനിക്ക്. സ്വന്തമായൊരു വീട്, അത് സഫലമാക്കുന്നതിനു വേണ്ടിയാണ് തന്റെയീ കഷ്ടപ്പാട്.’- എന്ന് ഈ 41കാരി പറയുന്നു
ഭര്‍ത്താവ് ചാക്കോ ജോസഫും മൂന്ന് മക്കളും അടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് അമ്പിളിയുടേത്. ജ്യോതി, കിരണ്‍, അച്ചു എന്നിവരാണ് അമ്പിളിയുടെ മക്കള്‍. ജ്യോതി പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്നു. കിരണ്‍ അച്ചു എന്നിവര്‍ വിദ്യാര്‍ത്ഥികളാണ്.
Discussion about this post