കൊല്ലം: ഷാര്‍ജയില്‍ ഫ്‌ലാറ്റിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
വിവാഹം കഴിഞ്ഞതു മുതല്‍ അതുല്യയ്ക്കും സതീഷിനുമിടയില്‍ പ്രശ്‌നമുണ്ടായിരുന്നുവെന്ന് അതുല്യയുടെ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍.
17 ാം വയസിലാണ് അതുല്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞതെന്നും 18ാം വയസിലായിരുന്നു വിവാഹമെന്നും സുഹൃത്ത് പറഞ്ഞു. അതുല്യയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു. സൈക്കോയെപ്പോലെയാണ് അയാളുടെ പെരുമാറ്റം. മദ്യകഴിച്ചാല്‍ പിന്നെ പെരുമാറ്റം മാറും.
അതുല്യയ്ക്ക് സതീഷിനോട് വലിയ സ്‌നേഹമായിരുന്നു. ബുദ്ധിമുട്ടാണെങ്കില്‍ ബന്ധം ഉപേക്ഷിക്കാനും വീട്ടിലേക്ക് വരാനും വീട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍, പലപ്പോഴും ചെയ്ത കാര്യങ്ങളൊന്നും ഓര്‍മയില്ലെന്നും പറ്റിപ്പോയെന്നുമൊക്കെ സതീഷ് മാപ്പു പറഞ്ഞിരുന്നു. തുടര്‍ന്ന് വീണ്ടും സതീഷിനൊപ്പം ജീവിക്കാന്‍ അതുല്യ തീരുമാനിക്കുകയായിരുന്നു. മൂന്നു മാസം മുമ്പ് അതുല്യ നാട്ടില്‍ വന്നിരുന്നു.
ഇവരുടെ മകള്‍ നാട്ടിലാണ് പഠിക്കുന്നത്. അച്ഛന്‍ എന്നുവെച്ചാല്‍ കുഞ്ഞിന് പേടിയായിരുന്നു. അതിനാല്‍ കുഞ്ഞ് നാട്ടിലാണ് പഠിച്ചിരുന്നത്. അതുല്യയും സതീഷും തമ്മില്‍ പ്രായവ്യത്യാസമുണ്ട്. അതിന്റെ ഈഗോ സതീഷിനുണ്ടെന്ന് അതുല്യ പറയാറുണ്ടായിരുന്നു. അതുല്യ എപ്പോഴും വിളിച്ച് വിഷമം പറയാറുണ്ടായിരുന്നു.
സതീഷ് ജോലിക്ക് പോകുമ്പോള്‍ അതുല്യയെ ഫ്‌ലാറ്റിനുള്ളിലാക്കി പൂട്ടിയിട്ടാണ് പോകുന്നത്. ഓഫീസില്‍ നിന്ന് തിരിച്ചെത്തുമ്പോള്‍ സതീഷ് പുറത്ത് നിന്ന് ലോക്ക് തുറന്നശേഷമാണ് അതുല്യ അകത്തെ പൂട്ട് തുറന്നു നല്‍കാറുള്ളത്. ഓരോ തവണയും പ്രശ്‌നമുണ്ടാകുകയും പിന്നീട് മാപ്പുപറയുകയും ചെയ്യുകയായിരുന്നു.
ഡിഗ്രിയും കമ്പ്യൂട്ടര്‍ കോഴ്‌സും പഠിച്ച അതുല്യ ജോലിക്ക് ശ്രമിച്ചിരുന്നു. ഇന്ന് ജോലിക്ക് പോകാനിരിക്കെയാണ് ഇത്തരമൊരു സംഭവം ഉണ്ടായത്. സതീഷിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ദുരനുഭവങ്ങള്‍ തന്നോട് അതുല്യ പറഞ്ഞിട്ടുണ്ടെന്നും നാട്ടിലെ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍.















Discussion about this post