മനാമ: ഡി സി ബുക്സുമായി സഹകരിച്ച് ബഹ്റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തില്‍ ദീപ നിശാന്തും എസ് ഹരീഷും പങ്കെടുക്കില്ല. കവിതാ മോഷണത്തിന്റെ പശ്ചാത്തലത്തില്‍ ദീപ നിശാന്തിനെ പങ്കെടുപ്പിക്കരുതെന്ന് ഒരു വിഭാഗം ആവിശ്യപ്പെട്ടു. അതെ സമയം മീശ നോവലിന്റെ പേരില്‍ വിവാദത്തില്‍പ്പെട്ട എസ് ഹരീഷിനെതിരെയും പ്രതിഷേധം ശക്തമാണ്. ഹരീഷിനെതിരെ നിവേദനങ്ങളും പരാതികളുമായി അധികൃതരെ സമീപിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. കേരളത്തിലുണ്ടായ വിവാദങ്ങള്‍ അധികൃതരെ അറിയിച്ച് ഹരീഷിന്റെ യാത്ര മുടക്കുകയാണ് ലക്ഷ്യം.
ഈ മാസം 12 മുതല്‍ 22 വരെ നടക്കുന്ന പുസ്തക മേളയും സാംസ്കാരികോത്സവവും നടന് പ്രകാശ് രാജാണ് ഉദ്ഘാടനം ചെയ്യുന്നത്. സാഹിത്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടിയിലേക്ക് ദീപ നിശാന്തിനെയും എസ് ഹരീഷിനെയും ഭാരവാഹികള്‍ നേരത്തെ തന്നെ ക്ഷണിച്ചിരുന്നു. നേരത്തെ ഇത്തരത്തില്‍ ബഹറൈനില്‍ നടന്ന പല പരിപാടികളും എംബസിയെ ഉള്‍പ്പെടെ ഇടപെടുത്തി തടഞ്ഞ മുന്‍കാല അനുഭവവും പ്രവാസികള്‍ക്കുണ്ട്. ഇരുവരെയും ചൊല്ലി വിവാദങ്ങള്‍ കനത്തതോടെ പ്രശ്നങ്ങള്‍ ഒഴിവാക്കി മേള നടത്താമെന്ന തീരുമാനത്തിലാണ് ഭാരവാഹികള്‍ എത്തിയത്.
പുസ്തക മേളയില്‍ അതിഥികളെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ ബഹ്റൈന്‍ കേരളീയ സമാജം ഭാരവാഹികള്‍ക്ക് തുറന്ന സമീപനമാണെന്നായിരുന്നു സംഘാടകര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ മേളയുടെ നിറം കെടുത്തുന്ന തരത്തിലേക്ക് വിവാദങ്ങള്‍ വളര്‍ന്നതോടെ മറ്റ് വഴികളില്ലാതെ ഇരുവരെയും ഒഴിവാക്കുകയായിരുന്നു. നമ്പി നാരായണന്, കെ.വി മോഹന്‍കുമാര്‍, കെ.ജി ശങ്കരപ്പിള്ള, എന്‍.എസ് മാധവന് തുടങ്ങിയ പ്രമുഖരുടെ നിര തന്നെ പുസ്തകോത്സവത്തില്‍ എത്തുന്നുണ്ട്.
Discussion about this post