റിയാദ്: കൊവിഡ് പശ്ചാത്തലത്തില്‍ മൂന്ന് മാസമായുള്ള കര്‍ഫ്യൂ പിന്‍വലിക്കാനൊരുങ്ങി സൗദി ഭരണകൂടം. ഞായറാഴ്ച മുതല്‍ സൗദി സാധാരനിലയിലേക്കാകും. മക്ക ഒഴികെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഞായറാഴ്ച രാവിലെ ആറിന് കര്‍ഫ്യൂ പിന്‍വലിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാ വാണിജ്യ, സാമ്പത്തിക പ്രവര്‍ത്തനങ്ങളും പൂര്‍ണ നിലയില്‍ പ്രവര്‍ത്തിക്കും.
അതേസമയം കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലംഘിക്കുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നല്കി. മസ്ജിദുകളില്‍ ജുമുഅയും ജമാഅത്ത് നമസ്കാരവും നടത്താന്‍ അനുമതിയുണ്ട്.
മാര്‍ച്ച് 23നാണ് സൗദിയിലെ കര്‍ഫ്യു ആരംഭിച്ചത്. 21 ദിവസം ഭാഗികമായ കര്‍ഫ്യൂ ആയിരുന്നെങ്കിലും പിന്നീടത് അനിശ്ചിത കാലത്തേക്ക് നീട്ടി. കര്‍ഫ്യൂവില്‍ ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും സൗദിയിലെ കൊവിഡ് വ്യാപനവും മരണങ്ങളും തുടരുകയാണ്.
സൗദിയില്‍ ഇതുവരെ 154,233 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 98,917 പേരുടെ രോഗം ഭേദമായി. രാജ്യത്ത് 1,230 പേര്‍ക്ക് കൊവിഡ് മൂലം ജീവന് നഷ്ടപ്പെട്ടു. നിലവില്‍ 54,086 പേരാണ് ചികില്‍സ തേടുന്നത്.
Discussion about this post