ദുബായ്: യുഎഇയില്‍ നിന്നുള്ള പ്രവാസികളുമായി ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം കേരളത്തിലേക്ക്. വ്യാഴാഴ്ച പ്രവാസികളുമായി ആദ്യവിമാനം കേരളത്തിലേക്ക് ആകുമെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന് കപൂര്‍ അറിയിച്ചു.
വ്യാഴാഴ്ച എയര്‍ ഇന്ത്യ ഇന്ത്യയിലേക്ക് രണ്ട് സര്‍വീസ് നടത്തും. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കും വിമാനങ്ങള്‍ അയക്കും. മാലിദ്വീപില്‍ നിന്ന് ഇന്ത്യക്കാരെ എത്തിക്കാനായി കപ്പല്‍ അയയ്ക്കും.
നാട്ടിലേക്കു മടങ്ങാനാഗ്രഹിച്ചു യുഎഇ എംബസിയില്‍ റജിസ്റ്റര്‍ ചെയ്തവരില്‍ പകുതിയും മലയാളികളാണ്. അതിനാല്‍ വ്യാഴാഴ്ച ആദ്യ വിമാനസര്‍വീസ് കേരളത്തിലേക്കായിരിക്കുമെന്നു ഇന്ത്യന്‍ സ്ഥാനപതി പവന് കപൂര്‍ അറിയിച്ചു.
വിമാനത്തില്‍ കയറുന്നതിന് മുമ്പ് എല്ലാവരെയും മെഡിക്കല്‍ സ്ക്രീനിംഗിന് വിധേയമാക്കും. തുടര്‍ന്ന് രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് മാത്രമായിരിക്കും യാത്രാ അനുമതി. യാത്രയിലും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കണം.
പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിന് പ്രത്യേക അനുമതി നല്കി കൊണ്ടുള്ള ഉത്തരവ് സംബന്ധിച്ച നിര്‍ദേശം എംബസികള്‍ക്കും കേന്ദ്രം നല്കി. അര്‍ഹരുടെ പട്ടിക എംബസികള്‍ തയ്യാറാക്കും. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്, വിസിറ്റിംഗ് വിസയില്‍ എത്തിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍, അടുത്ത ബന്ധുക്കള്‍ മരിച്ചവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന.
Discussion about this post