മൂന്നാര്‍: പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം പകരുന്ന നേര്‍ച്ച ഫിലിം ഫെസ്റ്റിവലിന് മൂന്നാറില്‍ തുടക്കം. ബോര്ഡ്സ ക്ലബ് ഇന്റര്‍നാഷണല്‍ സംഘടിപ്പിക്കുന്ന ഒന്നാമത് റെയിന്‍ ഇന്റര്‍നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവലിന് പ്രചോദനമായത് സംവിധായകന് ജയരാജ് ആണ്. 25,26,27 തീയതികളിലാണ് ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്.
പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഫെസ്റ്റിവല്‍ മൂന്നാറിലെ സില്‍വര്‍ ടിപ്സ് ഹോട്ടലിലൊരുക്കിയ രണ്ട് തീയറ്ററുകളിലായാണ് അരങ്ങേറുക. അമേരിക്കന്‍ സംവിധായകന് റയാന് പാട്രിക് കില്ലേക്കിയുടെ യാസുനി മാന്‍ എന്ന ഡോക്യുമെന്ററിയാണ് ഫെസ്റ്റുവലിന്റെ ഉദ്ഘാടന ചിത്രം.
ഡോക്യുമെന്ററി, ഫീച്ചര്‍, ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗങ്ങളിലായി രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ഇരുപതോളം ചിത്രങ്ങളും കുട്ടികളുടെ വിഭാഗങ്ങളിലായി അമ്പതോളം ചിത്രങ്ങളുമുണ്ട് പ്രദര്‍ശനത്തിന്. കേന്ദ്രസംസ്ഥാന വിനോദസഞ്ചാര വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന മേളയില്‍ അസമില്‍ നിന്നുള്ള ജാദവ് മൊലായ് പയങിന് പ്രകൃതി പുരസ്കാരം നല്കി ആദരിക്കും.
ബ്രഹ്മപുത്ര നദിയിലെ 1360 ഏക്കര്‍ വരുന്ന മണല്‍തുരുത്ത് മരം നട്ടുപിടിപ്പിച്ച് നിബിഢ വനമാക്കി മാറ്റിയതിനാണ് പുരസ്കാരം. പ്രകൃതി ഇതിവൃത്തമായ ചലചിത്രങ്ങളുടെ മാത്രം മേള ഇതാദ്യമാണെന്നും തുടര്‍ന്നും ഇതുണ്ടാകുമെന്നും ജയരാജ് അറിയിച്ചു.
Discussion about this post