പാലക്കാട്: മോട്ടോര്‍ വാഹനവകുപ്പിനെ വെല്ലുവിളിച്ചു യാത്ര തുടങ്ങിയ റോബിന് ബസിന് ഒറ്റ ദിവസം മുപ്പത്തി ഏഴായിരത്തിലധികം രൂപ മോട്ടോര്‍ വാഹനവകുപ്പ് പിഴയിട്ടിരുന്നു. എന്നാല്‍ വരും ദിവസങ്ങളിലും കോയമ്പത്തൂര്‍ സര്‍വീസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ബസുടമയുടെ തീരുമാനം. കോടതി പറയും വരെ സര്‍വീസ് തുടരുമെന്ന് റോബിന് ബസുടമ ഗീരീഷ് വ്യക്തമാക്കി.
അഖിലേന്ത്യ പെര്‍മിറ്റുമായി സര്‍വീസ് തുടങ്ങിയ റോബിന് ബസിനെ തുടര്‍ച്ചയായി തടഞ്ഞ് പിഴയിടുകയാണ് എംവിഡി. യാത്ര തുടങ്ങി ഇരുന്നൂറ് മീറ്റര്‍ എത്തുമ്പോഴേക്കും ബസ് മോട്ടോര്‍ വാഹന വകുപ്പ് തടഞ്ഞു. പിന്നീട് പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി 7500 രൂപ പിഴയിടുകയും ചെയ്തു.
പിന്നീട് പാലാ എത്തുന്നതിന് തൊട്ട് മുമ്പ് രണ്ടാമതും തടഞ്ഞു. അങ്കമാലിയില്‍ വച്ച് മൂന്നാമത്തും ബസ് തടഞ്ഞപ്പോഴേക്കും ജനം എംവിഡിക്ക് നേരെ തിരിഞ്ഞു. കൂക്കിവിളികളും പ്രതിഷേധങ്ങളുമുയര്‍ന്നു. പതിനൊന്നരയോടെ ചാലക്കുടി പിന്നിട്ട ബസ്, പുതുക്കാട് എത്തിയപ്പോള്‍ വീണ്ടും എംവിഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പിടിച്ചെടുക്കരുത് ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ പിഴയീടാക്കി എംവിഡി വിട്ടയച്ച ബസ് കോയമ്പത്തൂരിലേക്ക് യാത്ര തുടരുകയാണ്. വരും ദിവസങ്ങളിലും യാത്ര തുടരാന്‍ തന്നെയാണ് റോബിന് ബസിന്റെ തീരുമാനം.
Discussion about this post