കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വീണ്ടും വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാറാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടിരിക്കുന്നത്. അവധി ദിവസങ്ങളില്‍ വൈകീട്ട് 3 മുതല്‍ രാത്രി 9 വരെ വലിയ വാഹനങ്ങള്‍ അനുവദിക്കില്ല. ചുരത്തില്‍ അപകടങ്ങളും ഗതാഗതക്കുരുക്കും വര്‍ദ്ധിക്കുന്നത് കണക്കിലെടുത്താണാണ് തീരുമാനം.
കൂടാതെ ചുരത്തില്‍ വാഹനങ്ങളുടെ പാര്‍കിംഗിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അനധികൃതമായി വാഹനം പാര്‍ക്കു ചെയ്യുന്നവര്‍ക്കെതിരെ പിഴ ചുമത്താനും നിര്‍ദേശമുണ്ട്. താമരശ്ശേരി ചുരത്തില്‍ ശക്തമായ ഗതാഗതക്കുരുക്ക് ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് അവധി ദിനങ്ങളില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്.
ശനി, ഞായര്‍ ഉള്‍പ്പെടെയുള്ള പൊതു അവധി ദിനങ്ങളിലും, രണ്ടാം ശനിയോട് ചേര്‍ന്ന് വരുന്ന വെള്ളിയാഴ്ചകളിലും വൈകുന്നേരം 3 മണിക്കും 9 മണിക്കും ഇടയില്‍ വലിയ വാഹനങ്ങള്‍ ചുരത്തില്‍ അനുവദിക്കില്ല.
ആറു ചക്രത്തില്‍ കൂടുതലുള്ള ടിപ്പറുകള്‍, പത്ത് ചക്രത്തില്‍ കൂടുതലുള്ള ചരക്ക് വാഹനങ്ങള്‍, മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍, ട്രക്കുകള്‍ തുടങ്ങിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം. തിങ്കളാഴ്ച രാവിലെ 6 മുതല്‍ 9 മണി വരെയും ഈ നിരോധനം പ്രാബല്യത്തില്‍ ഉണ്ടാകും.
Discussion about this post