തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്ത്. സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്നും, ഭരണഘടന നല്കുന്ന അവകാശമാണതെന്നും കാനം പറഞ്ഞു.
തന്നെ അറിയിക്കാതെ പൗരത്വ നിയമത്തിന് എതിരെ സുപ്രീംകോടതിയില്‍ പോയ സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടുമെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാനത്തിന്റെ പ്രതികരണം.
സര്‍ക്കാരിനോട് വിശദീകരണം ചോദിക്കാന്‍ വാര്‍ത്താ സമ്മേളനം നടത്തേണ്ട കാര്യമില്ല. ഗവര്‍ണര്‍ ഇങ്ങനെ തരംതാഴരുത്. ഗവര്‍ണര്‍ എന്ന പദവി തന്നെ ആവശ്യമില്ലെന്ന അഭിപ്രായമാണ് സിപിഐക്കുള്ളതെന്നും കാനം കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ തലവനാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒരു പ്യൂണിന്റെ അവധി ഉത്തരവ് പോലും ഗവര്‍ണറുടെ പേരിലാണ്. അതിന്റെ പേരില്‍ അധികാരം പ്രയോഗിക്കേണ്ടെന്നും കാനം പറഞ്ഞു. ഗവര്‍ണര്‍ ഒരു ഭാഗത്തും കേരള ജനത മറുഭാഗത്തുമാണ്. ഇവിടെ ഒരു ഭരണഘടനാ പ്രതിസന്ധിയുമില്ല. റൂള്‍സ് ഓഫ് ബിസിനസ് വായിച്ച് തെറ്റിദ്ധരിപ്പിക്കരുത്. ഗവര്‍ണര്‍ക്ക് ഭരണഘടന അറിയുമോ എന്ന കാര്യം താന്‍ ഇപ്പോള്‍ പറയുന്നില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.
Discussion about this post