കട്ടപ്പന: ‘വിശ്വസ്തനാമൊരു വൈദ്യുതിമന്ത്രിയെ സത്യത്തില്‍ നമ്മള്‍ തിരിച്ചറിഞ്ഞല്ലോ…’ തന്നെ പുകഴ്ത്തി പാരഡി ഗാനം ആലപിച്ച കുടുംബശ്രീ പ്രവര്‍ത്തകരെ മന്തി എംഎം മണി അഭിനന്ദിച്ചു. ഇടുക്കി വണ്ടന്മേട് 33 കെവി സബസ്റ്റേഷന്‍ ഉദ്ഘാടന സമ്മേളനത്തിലാണ് മന്ത്രിയെ പുകഴ്ത്തിക്കൊണ്ട് കുടുംബശ്രീ പ്രവര്‍ത്തകര്‍ പാരഡി ഗാനം ആലപിച്ചത്.
കഥപറയുമ്പോള്‍ എന്ന സിനിമയിലെ വ്യത്യസ്ഥനാമൊരു ബാര്‍ബറാം ബാലനെ… എന്ന ഗാനത്തിനാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ പാരഡി ഗാനം ചിട്ടപ്പെടുത്തിയത്. പാട്ട് മന്ത്രിയെയും ഹരം കൊള്ളിച്ചു. അതിനിടെ സംഘത്തിലെ പ്രധാനഗായിക പാരഡി മറന്ന് യഥാര്‍ത്ഥ ഗാനം ആലപിച്ചതോടെ സദസ്സിനെ പൊട്ടിച്ചിരിപ്പിച്ച സംഭവവും അരങ്ങേറി.
പ്രധാനഗായികയുടെ പാട്ട് കേട്ട് വേദിയിലും സദസ്സിലുമുള്ളവര്‍ അമ്പരന്നു. കൂടെയുള്ള പാട്ടുകാരികള്‍ കൈകൊണ്ട് തട്ടി, പാട്ടുമാറിയത് ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും, അതൊന്നും ശ്രദ്ധിക്കാതെ പ്രധാനഗായിക പരിസരം മറന്ന് പാട്ടില്‍ മുഴുകി. ഇതോടെ മറ്റ് ഗായികമാര്‍ വേദിയില്‍ നിന്നും മുങ്ങി.
പാട്ട് കഴിയാറായപ്പോഴാണ് വരികള്‍ തെറ്റിയ വിവരം പ്രധാന ഗായിക മനസ്സിലാക്കിയത്. തുടര്‍ന്ന് പാട്ടിന്റെ ഒരു വരി തെറ്റിപ്പോയതില്‍ ക്ഷമാപണം നടത്തുകയും ചെയ്തു. നിറഞ്ഞ കൈയ്യടിയാണ് സദസ്സ് ഒന്നടങ്കം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. മന്ത്രി എംഎം മണി ഇവരെ അഭിനന്ദിക്കുകയും ചെയ്തു.
Discussion about this post