മുംബൈ: ബിജെപി വിടുമെന്ന സൂചനകള്‍ നല്കി മഹാരാഷ്ട്ര മുന്‍ റവന്യൂ മന്ത്രി ഏക്നാഥ് ഖദ്സെ. മഹാരാഷ്ട്രയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കവേയാണ് അദ്ദേഹം പാര്‍ട്ടിയോടുള്ള അതൃപ്തി വ്യക്താമാക്കിയത്.
ഒരു പാര്‍ട്ടിയിലും ആരും എല്ലാകാലത്തും ഉറച്ചു നില്‍ക്കുമെന്ന് പ്രതീക്ഷിക്കേണ്ടയെന്നും ആരും അങ്ങനെ ചെയ്യരുതെന്നുമാണ് ഖദ്സെ പറഞ്ഞത്. മഹാരാഷ്ട്രയിലെ ഭുസാവലില്‍ ലവ പാടീല് സമുദായത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരുമിച്ച് നില്ക്കുന്നതിനു പകരമായി ഒന്നുമില്ല. ജീവിത പോരാട്ടം നടത്തുമ്പോള്‍ രാഷ്ട്രീയത്തെ മാറ്റിവെക്കണം. അത് എന്റെ പാര്‍ട്ടിയിലായാലും അവരുടെ കോണ്‍ഗ്രസിലായാലും. ഒരേ പാര്‍ട്ടിയില്‍ ഒരാള്‍ കാലാകാലം ഉറച്ചുനില്ക്കേണ്ടതില്ല. ആര്‍ക്കും അത് പ്രവചിക്കാനാവില്ല. അങ്ങനെ പ്രതീക്ഷിക്കുകയും വേണ്ട.’ എന്നാണ് ഖദ്സെ പറഞ്ഞത്.
സമുദായത്തെ ശക്തിപ്പെടുത്താല്‍ എല്ലാവരും അനീതിയ്ക്കെതിരെ പൊരുതണമെന്നും അദ്ദേഹം പറഞ്ഞു. ഭുസാവല്‍ ഏക്നാഥ് ഖദ്സെയുടെ സ്വദേശമാണ്. അദ്ദേഹം ലവ പാടീല് സമുദായത്തില്‍ നിന്നുള്ള ആളുമാണ്.
എംഐഡിസി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് 2016ല്‍ ഖദ്സെയ്ക്ക് ദേവേന്ദ്ര ഫദ്നവിസ് സര്‍ക്കാറില്‍ നിന്നും രാജിവെക്കേണ്ടി വന്നിരുന്നു. നേരത്തെ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചവാന് ഖദ്സെയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. ഈ വര്‍ഷം ആദ്യവും അദ്ദേഹം അത്തരമൊരു ക്ഷണം നടത്തിയിരുന്നു.
Discussion about this post