ഗാന്ധിനഗര്‍: മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് ഈടാക്കുന്ന പിഴത്തുക വെട്ടിക്കുറച്ച് ഗുജറാത്ത് സര്‍ക്കാര്‍. പുതുക്കിയ മോട്ടോര്‍ വാഹന നിയമ ഭേഗഗതി പ്രകാരം നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴയാണ് ഈടാക്കെണ്ടത്. ഈ പിഴ തുകയാണ് സംസ്ഥാന സര്‍ക്കാര്‍ കുറച്ചത്.
മോട്ടോര്‍ വാഹനനിയമത്തിലെ പുതിയ ഭേദഗതി പ്രകാരം ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിച്ചാലും, സീറ്റ് ബെല്‍റ്റ് ഇടാതെ യാത്രചെയ്താലും ആയിരം രൂപയാണ് പിഴ. എന്നാല്‍ ഗുജറാത്തില്‍ ഈ നിയമലംഘനത്തിന് 500 രൂപ മാത്രമേ ഇനി ഈടാക്കുകയുള്ളൂ. ഉയര്‍ന്ന പിഴ ഈടാക്കുന്നതിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നുവെന്നും വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് പിഴ കുറയ്ക്കാന്‍ തീരുമാനിച്ചതെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു.
ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ ഇരുചക്രവാഹന യാത്രക്കാരില്‍ നിന്ന് 2000 രൂപയും കാര്‍ ഉള്‍പ്പെടെയുള്ള(എല്‍എംവി) വാഹനങ്ങളില്‍ യാത്രചെയ്യുന്നവരില്‍ നിന്ന് 3000 രൂപയും പിഴ ഈടാക്കിയാല്‍ മതിയെന്നും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്കി.
അതെസമയം പിഴതുക വെട്ടിക്കുറച്ചത് നിയമലംഘകരോടുള്ള സര്‍ക്കാരിന്റെ കനിവായി കാണേണ്ടതില്ലെന്നും, ഇതുവരെ ഈടാക്കിയിരുന്ന പിഴയുടെ പത്തിരട്ടിയോളം വര്‍ധിപ്പിച്ചതിനാലാണ് തുക കുറയ്ക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വിജയ് രൂപാനി വ്യക്തമാക്കി.
Discussion about this post