ജോജു ജോര്‍ജ്ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് എന്നിവര്‍ അഡാറ് വേഷത്തിലെത്തുന്ന ‘പൊറിഞ്ചു മറിയം ജോസി’ന്റെ മരണമാസ്സ് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ പൊറിഞ്ചുവായി ജോജു ജോര്‍ജ്ജും മറിയമായി നൈല ഉഷയും ജോസ് എന്ന കഥാപാത്രമായി ചെമ്പന്‍ വിനോദുമാണ് എത്തുന്നത്. സിനിമയുടെ പോസ്റ്റര്‍ ഇതിനോടകം തന്നെ വന്‍ ജനശ്രദ്ധ നേടിക്കഴിഞ്ഞു.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്ന ജോഷിയുടെ പുതിയ ചിത്രമാണ് ‘പൊറിഞ്ചു മറിയം ജോസ്’. ചിത്രത്തില്‍ മൂന്ന് കഥാപാത്രങ്ങളും ഒന്നിനൊന്ന് പ്രാധാന്യമുള്ളതാണെന്ന് മോഷന്‍ പോസ്റ്റര്‍ വ്യക്തമാക്കുന്നു. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച്, കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന് ആണ്.
ചാന്ദ്വി ക്രിയേഷന്‍സ് ആണ് പൊറിഞ്ചു മറിയം ജോസ് കേരളത്തില്‍ വിതരണം ചെയ്യുന്നത്.അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല.
Discussion about this post