തന്റെ ചിത്രങ്ങള്‍ക്ക് തീയ്യേറ്റര്‍ വിലക്കേര്‍പ്പെടുത്തിയാല്‍ അഭിനയം നിര്‍ത്തുമെന്ന് നടന് നാനി. താരം നായകനായെത്തുന്ന ടക് ജഗദീഷ് ഒടിടിയില്‍ റിലീസ് ചെയ്യുന്നതില്‍ പ്രതിഷേധിച്ച് താരത്തിന്റെ ചിത്രങ്ങള്‍ക്ക് തീയ്യേറ്റര്‍ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ഫിലിം എക്സിബിറ്റേഴ്സ് ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് തെലങ്ക് സിനിമയില്‍ നിന്നും മാറിനില്‍ക്കുമെന്ന് നാനി അറിയിച്ചത്.
‘അവരുടെ അവസ്ഥയില്‍ എനിക്ക് സഹതാപമുണ്ട്. അവര്‍ അങ്ങനെ പ്രതികരിക്കുന്നതില്‍ തെറ്റില്ല. തീയേറ്റര്‍ റിലീസിന് തന്നെയാണ് എന്നും എന്റെ പ്രഥമ പരിഗണന. കാര്യങ്ങള്‍ എല്ലാം സാധാരണ പോലെ ആയാല്‍, സിനിമകള്‍ തീയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തി തുടങ്ങുമ്പോള്‍ എന്റെ വരാനിരിക്കുന്ന സിനിമകളില്‍ ഏതെങ്കിലും ഒന്ന് തിയേറ്റര്‍ റിലീസ് ഒഴിവാക്കുകയാണെങ്കില്‍, ഞാന്‍ സിനിമ ചെയ്യുന്നത് നിര്‍ത്തും. തെലുങ്ക് സിനിമയില്‍ നിന്ന് മാറി നില്ക്കും’. നാനി വ്യക്തമാക്കി.
നാനി നായകനായെത്തുന്ന ടക് ജഗദീഷിന്റെ ട്രെയ്ലര് പുറത്തിറങ്ങി. ഋതു വര്‍മയും ഐശ്വര്യ രാജേഷുമാണ് ചിത്രത്തിലെ നായികമാര്‍. ജഗപതി ബാബു, നാസര്‍, രോഹിണി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രസാദാണ്. തമന് ആണ് സംഗീതം. ചിത്രം സെപ്റ്റംബര്‍ 10ന് ആമസോണ്‍ പ്രൈം വഴിയാണ് റിലീസിനെത്തുക. ഏപ്രില്‍ 16ന് തീയേറ്റര്‍ റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് ഓടിടിയില്‍ പ്രദര്‍ശനത്തിനെത്തുന്നത്.
Discussion about this post