സൂപ്പർ താരം വിജയ് ആരാധകർക്ക് സന്തോഷവാർത്തയുമായി സൺ പിക്ചേഴ്സ്. നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ വിജയ്യുടെ 65ാമത്തെ ചിത്രം പ്രഖ്യാപിച്ചു. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ കോഡ് നെയിം ‘ദളപതി 65’ എന്നാണ്. ‘കോലമാവ് കോകില’ എന്ന സിനിമയിലൂടെ രംഗത്തെത്തിയ സംവിധായകൻ നെൽസണിന്റെ ചിത്രമാണ് വിജയ്യുടെ 65ാമത് ചിത്രമെന്നത് ആരാധകർക്കും വലിയ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്.
ശിവകാർത്തികേയന്റെ ഡോക്ടർ ആണ് നെൽസൺ സംവിധാനം ചെയ്ത അവസാന ചിത്രം. അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രത്തിൽ നായികയായി ബോളിവുഡ് താരം ദീപിക പദുകോണും വില്ലനായി ജോൺ എബ്രഹാമും എത്തുമെന്നും സൂചനയുണ്ട്.
വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘മാസ്റ്റർ’ ചിത്രത്തിന്റെ റിലീസിന് ശേഷമായിരിക്കും 65ാമത് ചിത്രം തയ്യാറാകുക. വിജയ് സേതുപതിയും വിജയും ഒന്നിക്കുന്ന ആദ്യ സിനിമയാണ് മാസ്റ്റർ. രവിചന്ദർ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനൻ, ആൻഡ്രിയ ജെറമിയ എന്നിവരാണ് മാസ്റ്ററിലെ മറ്റ് പധാന കഥാപാത്രങ്ങൾ.
Discussion about this post