പാറശ്ശാല: ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പതിമൂന്ന് വയസ്സുകാരി മരിച്ചു. പാറശ്ശാല അയിക്കര അംബുജവിലാസത്തില്‍ സൗമ്യയുടെ മകള്‍ അഞ്ജനയാണ് വെള്ളിയാഴ്ച മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി.
വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ വീടിനു പിറകിലെ വാഴത്തോട്ടത്തില്‍ വെച്ചാണ് പെണ്‍കുട്ടിക്ക് പൊള്ളലേറ്റത്. 85 ശതമാനം പൊള്ളലേറ്റ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എന്നാല്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചു. സംഭവത്തില്‍ പൊഴിയൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
അധ്യാപികയായ സൗമ്യയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് അഞ്ജന. ആദ്യ ഭര്‍ത്താവ് മരിച്ച ശേഷം സൗമ്യ അയിര സ്വദേശിയായ സജീവ് കുമാറിനെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു പെണ്‍കുട്ടിയുണ്ടെന്ന് പോലീസ് പറയുന്നു. അഞ്ജനയെ വീട്ടില്‍ സൗമ്യ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്നു നാട്ടുകാരും ആരോപിച്ചു.
സൗമ്യയുടെ പീഡനം സഹിക്കാനാവാതെ രണ്ടുവര്‍ഷം മുന്‍പ് അഞ്ജന വീടുവിട്ടുപോയിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ പാറശ്ശാല സ്റ്റേഷനില്‍ കണ്ടതിനെത്തുടര്‍ന്ന് കുട്ടിയെ റെയില്‍വേ പോലീസ് പിടികൂടി. തുടര്‍ന്ന് രക്ഷിതാക്കളെയും ബന്ധുക്കളെയും വിളിച്ചു വരുത്തി കുട്ടിയെ ഇവര്‍ക്കൊപ്പം പറഞ്ഞു വിടുകയായിരുന്നു.
അമ്മയുടെ പീഡനത്തെത്തുടര്‍ന്ന് ഇറങ്ങിപ്പോന്നതാണെന്നായിരുന്നു കുട്ടി അന്ന് പറഞ്ഞതെന്ന് പോലീസ് പറഞ്ഞു. ആ സംഭവത്തിന് ശേഷം നാട്ടുകാരെ ആരെയും വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ല. വ്യാഴാഴ്ച രാത്രി
കുടുംബാംഗങ്ങള്‍ എല്ലാവരും ടിവി കാണുകയായിരുന്ന സമയത്ത് വീടിനു പിറകില്‍ നിന്നും കരച്ചില് കേട്ട് നോക്കിയപ്പോള്‍ അഞ്ജനയുടെ ശരീരത്തില്‍ തീ പടരുന്നതാണ് കണ്ടത്.
തുടര്‍ന്ന് വെള്ളം ഉപയോഗിച്ച് തീകെടുത്തി അഞ്ജനയെ ഉടന്‍ തന്നെ ആംബുലന്‍സില്‍ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 85 ശതമാനത്തോളം പൊള്ളലേറ്റ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എന്നാല്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചെ കുട്ടി മരിച്ചു.
വ്യാഴാഴ്ച രാത്രി തന്നെ അഞ്ജനയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴി ലഭിക്കുന്നതിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഇത് ലഭിക്കുന്നതിന് അനുസരിച്ച് മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും പൊഴിയൂര്‍ സിഐ അറിയിച്ചു. ഫൊറന്‍സിക് സംഘം വെള്ളിയാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തി.
Discussion about this post