നാറാത്ത്: ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചതായി പരാതി. കാട്ടാമ്പള്ളി കാഞ്ഞിരത്തറയിലെ എം. സിദ്ദീഖിന്റെ സ്കൂട്ടറാണ് തിങ്കളാഴ്ച കത്തിയമർന്നത്. രാവിലെ എട്ടോടെയാണ് ചാർജ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ സ്കൂട്ടറിൽ നിന്ന് തീപടർന്നത്. തീ വീട്ടിലേയ്ക്കും പകർന്ന് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
വാഹനത്തിനും വീടിനുമുണ്ടായ നഷ്ടത്തിന് പരിഹാരം ലഭിക്കുന്നതിനായി കമ്പനിയെ സമീപിച്ചിരിക്കയാണ് സിദ്ദീഖ്. നഷ്ടപരിഹാരം നൽകിയേ തീരുവെന്നാണ് കുടുംബത്തിന്റെ പക്ഷം. തീ ആളിപടരുന്നത് കണ്ട് വീട്ടുകാർ പുറത്തേയ്ക്ക് ഇറങ്ങി ഓടിയതിനാൽ ദുരന്തങ്ങളിലേയ്ക്ക് വഴിവെച്ചില്ല.
തളിപ്പറമ്പിലെ ഷോറൂമിൽനിന്ന് ഒന്നരവർഷം മുമ്പ് വാങ്ങിയ റൂട്ട് ഓട്ടോ ഇലക്ട്രിക്കലിന്റെ ഇ-ഫ്ലൈ എന്ന മോഡലാണ് കത്തിനശിച്ചത്. സ്കൂട്ടറിന്റെ ബാറ്ററി ഒരു മാസമായി തകരാറിലായിരുന്നു. ഇത് നിരന്തരം കമ്പനിയെ അറിയിച്ചിട്ടും നടപടിയൊന്നുമുണ്ടായില്ലെന്ന് വീട്ടുകാർ ആരോപിച്ചു. ഡൽഹിയിൽനിന്ന് പുതിയ ബാറ്ററി അയച്ചിട്ടുണ്ടെന്നാണ് അവസാനം ലഭിച്ച മറുപടിയെന്നും കുടുംബം പറയുന്നു. സ്കൂട്ടർ പൂർണ്ണമായും കത്തിനശിച്ചു.
Discussion about this post