കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ 19-കാരിയായ കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുത്തച്ഛന് അറസ്റ്റില്‍. മരിച്ച പെണ്‍കുട്ടിയുടെ 62-കാരനായ മാതൃപിതാവിനെയാണ് പോക്സോ വകുപ്പുകളടക്കം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാക്കുറിപ്പില്‍ മാതൃപിതാവില്നിന്ന് ഉപദ്രവം നേരിട്ടതായി വിദ്യാര്‍ഥിനി പരാമര്‍ശിച്ചിരുന്നു. ഇതോടെയാണ് പോലീസ് കേസെടുത്തത്.
ഡിസംബര്‍ 17-ാം തീയതിയാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കൊയിലാണ്ടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്. ഇതിനുപിന്നാലെ വിശദമായ ചോദ്യംചെയ്യലും അന്വേഷണവും നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.
പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ ഞെട്ടിക്കുന്ന പരാമര്‍ശങ്ങളുണ്ടായിരുന്നു. കുറിപ്പില്‍ മാതാപിതാക്കള്‍ എന്നോട് പൊറുക്കണമെന്നും വെറുക്കരുതെന്നും എഴുതിയിരുന്നു. എന്താണ് ചെയ്തതെന്ന് മാതൃപിതാവിനോട് ചോദിക്ക് എന്നാണ് ആത്മഹത്യകുറിപ്പില്‍ പറഞ്ഞിരുന്നത്. ഇതോടെയാണ് പോലീസ് ഇയാളെ ചോദ്യം ചെയ്തതും അറസ്റ്റ് ചെയ്തതും.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പും മുത്തച്ഛന് ലൈംഗികമായി ഉപദ്രവിച്ചിരുന്നതായി കണ്ടെത്തിയത്. ഇതിനാലാണ് പോക്സോ വകുപ്പുകള്‍ കൂടി ചുമത്തി കേസെടുത്തത്. അറസ്റ്റിലായ പ്രതി കുറ്റംസമ്മതിച്ചതായി പോലീസ് അറിയിച്ചു. പ്രതിയെ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Discussion about this post