തൃശ്ശൂര്‍: അറുപതുകാരന്റെ നെഞ്ചിലേയ്ക്ക് 20 സെന്റി മീറ്റര്‍ നീളമുള്ള സ്ക്രൂഡ്രൈവര്‍ തുളച്ചുകയറി. ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവില്‍ സ്ക്രൂ ഡ്രൈവര്‍ പുറത്തെടുത്ത് പുതുജീവന്‍ നല്കി. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് സംഭവം. കോണത്തുകുന്ന് പാലപ്രക്കുന്ന് പുതിയകാവില്‍ ഓട്ടോ ഡ്രൈവറായ രഘു വെളുത്തേടത്തിന്റെ നെഞ്ചില്‍നിന്നാണ് പുറത്തെടുത്തത്.
സ്വകാര്യ ആശുപത്രിയില്‍നിന്നാണ് രഘുവിനെ ഞായറാഴ്ച രാവിലെ മെഡിക്കല്‍ കോളേജിലേയ്ക്ക് എത്തിച്ചത്. പരിശോധനയില്‍ സുഷുമ്ന നാഡിയും തുളച്ച് ഹൃദയധമനികള്‍ക്കിടയിലൂടെ ശ്വാസകോശത്തിന്റെ ഭാഗം തുളച്ച് കമ്പി ഹൃദയത്തിനടുത്തെത്തിയതായി കണ്ടെത്തുകയായിരുന്നു.
ഉടന്‍ തന്നെ ന്യൂറോ സര്‍ജറി വിഭാഗവും കാര്‍ഡിയോ തൊറാസിക് വിഭാഗവും ചേര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. വെന്റിലേറ്ററിന്റെ സഹായത്തോടെ ആറ് മണിക്കൂര്‍ എടുത്ത് സ്ക്രൂ ഡ്രൈവര്‍ പുറത്തെടുക്കുകയായിരുന്നു. രഘുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിക്കുന്നു.
ഇത്രയും നീളമുള്ള കമ്പി ശരീരത്തിന്റെ ഈ ഭാഗത്തുനിന്ന് പുറത്തെടുത്തത് ആദ്യമായാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പേരക്കുട്ടികളുമായി കളിക്കുന്നതിനിടെ അബദ്ധത്തില്‍ സ്ക്രൂഡ്രൈവര്‍ തറച്ചു കയറിയതാണെന്നാണ് രഘു പറയുന്നു.
Discussion about this post