ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യം കൊവിഡ് വാക്സിന് നല്‍കുക ആരോഗ്യപ്രവര്‍ത്തകര്‍ക്കെന്ന് കേന്ദ്ര സര്‍ക്കാര്‍. പൊതു-സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദ്യഘട്ടത്തില്‍ കൊവിഡ് വാക്സിന് നല്‍കുമെന്ന് വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ നടത്തിയ പ്രസന്റേഷനിലാണ് ഇക്കാര്യം ഉള്‍പ്പെടുത്തിയതെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷനാണ് ഇക്കാര്യം അറിയിച്ചത്. ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സീന് നല്‍കുന്നത്. ഇതിനു പിന്നാലെ പോലീസ്, വിവിധ സേനാംഗങ്ങള്‍, മുനിസിപ്പാലിറ്റി ജീവനക്കാര്‍ തുടങ്ങിയവര്‍ക്കും വാക്സിന് നല്‍കുമെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുന്ന രണ്ടാമത്തെ സര്‍വകക്ഷിയോഗമാണ് ഇത്.ലോക്സഭയിലും രാജ്യസഭയിലും പ്രതിനിധികളുള്ള എല്ലാ പാര്‍ട്ടികളെയും യോഗത്തിന് ക്ഷണിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ 10.30ന് ആരംഭിച്ച യോഗത്തില്‍ കോണ്‍ഗ്രസ്,തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, ടിആര്‍എസ്, ശിവസേന തുടങ്ങിയ പാര്‍ട്ടികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
Discussion about this post