ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രാജ്യദ്രോഹിയായി ചിത്രീകരിച്ച ബിജെപിക്ക് ചുട്ടമറുപടിയുമായി ടിഎന്‍ പ്രതാപന് രംഗത്ത്. രാഹുല്‍ ഗാന്ധിക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല ബഹുമതിയാണ് ഫാഷിസ്റ്റുകളുടെ ദേശദ്രോഹിയെന്ന ചാപ്പയെന്ന് അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു ടിഎന്‍ പ്രതാപന്റെ പ്രതികരണം. പുലിറ്റ്സര്‍ സമ്മാനത്തിന് അര്‍ഹരായ മൂന്ന് മാധ്യമപ്രവര്‍ത്തകരെ പ്രശംസിച്ചതിന് പിന്നാലെയായിരുന്നു രാഹുല്‍ഗാന്ധിയെ രാജ്യദ്രോഹിയായി ബിജെപി ചിത്രീകരിച്ചത്. ഇതിന് മറുപടിയുമായാണ് ടിഎന്‍ പ്രതാപന് രംഗത്തെത്തിയത്.
സംഘപരിവാറിനോട് ഒരുനിലക്കും രാജിയാകാന്‍ കൂട്ടാക്കാത്ത രാഹുല്‍ ഗാന്ധിക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല ബഹുമതിയാണ് ഫാഷിസ്റ്റുകളുടെ ദേശദ്രോഹിയെന്ന ചാപ്പ. രാഷ്ട്രപിതാവിനെ കൊന്നവര്‍ തന്നെയാണ് ദേശസ്നേഹത്തിന്റെ മാപിനിയും കൊണ്ടുവരുന്നതെന്ന് നോക്കണേ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
എടുത്തോണ്ട് പോണം മിസ്റ്റര്‍ നിങ്ങളുടെ ദേശസ്നേഹി ദേശദ്രോഹി പട്ടങ്ങള്‍ എന്നും ടിഎന്‍ പ്രതാപന് കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ടിഎന്‍ പ്രതാപന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ശ്രീ രാഹുല്‍ ഗാന്ധിക്ക് ബി ജെ പി ഇന്ന് ദേശദ്രോഹി പട്ടം ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്.
സംഘപരിവാറിനോട് ഒരുനിലക്കും രാജിയാകാന്‍ കൂട്ടാക്കാത്ത രാഹുല്‍ ഗാന്ധിക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല ബഹുമതിയാണ് ഫാഷിസ്റ്റുകളുടെ ദേശദ്രോഹിയെന്ന ചാപ്പ. ഉള്ളതുപറയലോ, വീ ഡോണ്ട് കെയര്‍!
കാരണം ആരാണ് ദേശസ്നേഹത്തിന്റെ മാപിനിയും കൊണ്ടുവരുന്നതെന്ന് നോക്കണേ.. രാഷ്ട്രപിതാവിനെ കൊന്നവര്‍. ബ്രിട്ടീഷ് അധിനിവേശ ശക്തികള്‍ക്ക് ദാസ്യവേല ചെയ്തവര്‍, മാപ്പെഴുതിക്കൊടുത്തവര്‍, സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവര്‍, ബ്രിട്ടീഷുകാര്‍ക്കൊപ്പം ചേര്‍ന്ന് ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പോരാടി ജയില്‍ വരിച്ചവരുടെ വീടുകള്‍ കയറി കൊള്ളനടത്തിയവര്, ധീര ദേശാഭിമാനികളുടെ വീടുകളിലെ സ്ത്രീകളെ ആക്രമിച്ചവര്‍… കാര്‍ഗില്‍ യുദ്ധകാലത്ത് രക്തസാക്ഷികളായ ധീരജവാന്മാരുടെ ശവപ്പെട്ടിയിലും കുംഭകോണം നടത്തിയവര്‍… പറയാന്‍ നിന്നാല്‍ ആ നെറികേടുകളുടെ ലിസ്റ്റ് അവസാനിക്കുമോ?
എടുത്തോണ്ട് പോണം മിസ്റ്റര്‍ നിങ്ങളുടെ ദേശസ്നേഹി ദേശദ്രോഹി പട്ടങ്ങള്‍.
Discussion about this post