തിരുവനന്തപുരം: പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സാമ്പത്തിക സഹായവും പരിക്കേറ്റവര്‍ക്ക് ചികിത്സാ ചെലവും നല്‍കുമെന്ന സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. ഇതിനു പുറമെ, പരിക്കേറ്റവര്‍ക്ക് സാമ്പത്തിക സഹായം കൂടി നല്‍കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തോട്ടങ്ങളിലെ ലയങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കണം. എസ്റ്റേറ്റുകളില്‍ ആവശ്യത്തിനു സ്ഥലമുള്ളതിനാല്‍ ഇതിന് ബുദ്ധിമുട്ട് ഉണ്ടാകില്ല. പല ലയങ്ങളും വളരെ മോശം അവസ്ഥയിലാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാവിധ സഹായവും അടിയന്തരമായി ലഭ്യമാക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
തേയിലത്തോട്ടങ്ങളില്‍ പണി എടുക്കുന്ന പാവപ്പെട്ട തൊഴിലാളികള്‍ക്കുണ്ടായ ദുരന്തത്തില്‍ അഗാധമായി ദു:ഖിക്കുന്നു. കേരളം മുഴുവന്‍ അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ മറ്റു പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായിട്ടുണ്ട്. കൊവിഡ് മഹാമാരിക്കിടയില്‍ ഉണ്ടായ ഈ ദുരന്തം വലിയ ആഘാതമാണ് ഏല്പിച്ചിരിക്കുന്നത്. ദുരിതമനുഭവിക്കുന്ന എല്ലാ സ്ഥലങ്ങളിലും പരമാവധി സഹായം എത്തിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണം. ഏറെ പ്രതികൂലമായ സാഹചര്യത്തിലും നാട്ടുകാരുടെയും ബന്ധപ്പെട്ടവരുടെയും സജീവ പങ്കാളിത്തത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ അഭിന്ദിക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറയുന്നു.
Discussion about this post