ന്യൂഡല്‍ഹി; കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇന്ന് അമ്പതാം പിറന്നാള്‍. കോവിഡ് പ്രതിസന്ധിയുടെയും സൈനികരുടെ ജീവത്യാഗത്തിന്റെയും പശ്ചാത്തലത്തില്‍ ആഘോഷങ്ങളെല്ലാം മാറ്റി വച്ച് തന്റെ പിറന്നാള്‍ ദിനത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി പരമാവധി സഹായങ്ങള്‍ എത്തിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം.
ഇത്തവണ ആഘോഷങ്ങളൊന്നും വേണ്ടെന്ന് രാഹുല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പകരം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കണമെന്നും അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ അമ്പതാം പിറന്നാള്‍ ദിനത്തില്‍ അതിഥി തൊഴിലാളികള്‍ക്കും ദരിദ്രര്‍ക്കും നല്‍കാനായി 50 ലക്ഷം ന്യായ് കിറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നത്.
കോണ്‍ഗ്രസ് ദേശീയാധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് അധ്യക്ഷ സ്ഥാനം ഉപേക്ഷിച്ചത്. ഇപ്പോള്‍ കോണ്‍ഗ്രസില്‍ പദവികളൊന്നും ഇല്ലാതെ, മോഡി സര്‍ക്കാരിനെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് അദ്ദേഹം.
ലഡാക്കിലെ സൈനികരുടെ ജീവത്യാഗത്തില്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ ഇരുതലമൂര്ച്ചയുള്ളവയായിരുന്നു. കോവിഡ് പ്രതിസന്ധിയിലും സാമ്പത്തിക തകര്‍ച്ചയിലും അതിഥി തൊഴിലാളികളുടെ ദുരിതത്തിലും കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ഉള്ള വിമര്‍ശനങ്ങള്‍ തുടരുകയാണ് രാഹുല്‍ . ഒപ്പം പരമാവധി ജനങ്ങളെ കേള്‍ക്കാനും സഹായം എത്തിക്കാനും ശ്രമിക്കുന്നുണ്ട്.
Discussion about this post