ഹൈദരാബാദ്: മേല്‍പ്പാലത്തില്‍ നിന്നും നിയന്ത്രണംവിട്ട കാര്‍ താഴെയുള്ള തിരക്കേറിയ റോഡിലേക്ക് വീണു, ഒരു സ്ത്രീയ്ക്ക് ദാരുണാന്ത്യം. ഹൈദരാബാദിലെ ഗച്ചിബൗളി പ്രദേശത്താണ് ഞെട്ടിക്കുന്ന അപകടം നടന്നത്. മകളോടൊപ്പം റോഡിലൂടെ നടക്കുകയായിരുന്ന സത്യവേനി എന്ന യുവതിയാണ് മരിച്ചത്. മകള്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
പുതുതായി തുറന്നുകൊടുത്ത മേല്‍പ്പാലത്തിലൂടെ പോകുകയായിരുന്ന കാറാണ് നിയന്ത്രണംവിട്ട് താഴേക്ക് പതിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.അമിത വേഗതയിലായിരുന്ന കാര്‍ മേല്‍പ്പാലത്തിലെ വളവില്‍ നിയന്ത്രണം വിട്ട് താഴെ റോഡിലേക്ക് പറന്നിറങ്ങുകയായിരുന്നു. അപകടത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
കാല്‍നടയാത്രക്കാരും മറ്റു വാഹനങ്ങളും റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് കാര്‍ വീഴുന്നത്. ഇതിനിടെയാണ് ഒരു ചുവന്ന കാര്‍ ഫ്ലൈഓവര്‍ നിന്ന് താഴേക്ക് വീഴുന്നത്. ഇതേത്തുടര്‍ന്ന് റോഡിലുണ്ടായിരുന്നവര്‍ പരിഭ്രാന്തിയോടെ ഓടുന്നതും വീഡിയോയില്‍ കാണാം.
റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന രണ്ട് കാറുകളും സമീപത്തെ മരവും തകര്‍ത്താണ് കാര്‍ നിലംപതിച്ചത്. അപകടത്തെ തുടര്‍ന്ന് ഫ്ലൈഓവര്‍ താല്‍ക്കാലികമായി അടച്ചു.
Discussion about this post