കൊടുങ്ങല്ലൂര്‍: തീയ്യേറ്ററുകളിലലെ ദേശീയ ഗാനാലാപനവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് ഉടലെടുത്തത്. അതില്‍പ്പെട്ട വ്യക്തിയാണ് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍. വിവാദത്തില്‍ അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് ബിജെപി നേതാക്കള്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങ് ഇടാന്‍ ശ്രമിക്കുന്ന എന്ന തലത്തില്‍ പ്രതിരോധങ്ങളും എത്തിയിരുന്നു. ഇപ്പോള്‍ കമലിനെതിരെ നടത്തിയ മാര്‍ച്ചില്‍ ബിജെപി നേതാക്കള്‍ക്ക് കോടതി ശിക്ഷ വിധിച്ചിരിക്കുകയാണ്.
ബിജെപി ജില്ലാ പ്രസിഡന്റടക്കം 11 പേര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. കോടതി പിരിയുംവരെ തടവും 750 രൂപ വീതം പിഴയുമാണ് വിധിച്ചത്. കൊടുങ്ങല്ലൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആണ് ശിക്ഷ വിധിച്ചത്. വിധി വന്ന വ്യാഴാഴ്ച തന്നെ ഇവര്‍ ശിക്ഷയേറ്റുവാങ്ങുകയും ചെയ്തു. 2016 ഡിസംബര്‍ 14-നായിരുന്നു കമലിന്റെ ലോകമലേശ്വരം തണ്ടാംകുളത്തുള്ള വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.
ശേഷം വീടിന് മുന്നില്‍ ദേശീയഗാനം ആലപിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ദേശീയഗാനം കേള്‍പ്പിക്കേണ്ടതില്ലെന്ന് കമല്‍ പറഞ്ഞതായി ആരോപിച്ചായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ബിജെപി ജില്ലാ പ്രസിഡന്റ് എ നാഗേഷ്, മണ്ഡലം പ്രസിഡന്റ് എംജി പ്രശാന്ത്ലാല്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെഎസ് ശിവറാം, കെഎ സുനില്‍കുമാര്‍, എല്‍കെ മനോജ്, എംയു ബിനില്‍, ഐആര്‍ ജ്യോതി, സതീഷ് ആമണ്ടൂര്‍, ലാലന്, ഉദയന്‍, റക്സണ്‍ തോമസ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
Discussion about this post