കൊച്ചി: സംസ്ഥാനത്ത് നിപ്പാ ഭീതിയൊഴിയുന്നു. കഴിഞ്ഞ ദിവസം നിപ്പാ രോഗ ലക്ഷണത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്ന് പേര്‍ക്ക് കൂടി രോഗം ഇല്ലെന്ന് പരിശോധനാ ഫലം. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയില്‍ മൂവര്‍ക്കും നിപ്പായില്ലെന്ന് സ്ഥിരീകരിച്ചു. കളമശേരി, തൃശ്ശൂര്‍, ഇടുക്കി എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ പരിശോധന ഫലം ആണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്.
വൈറസ് ബാധയെന്ന സംശയത്തില്‍ ചികിത്സയില്‍ കഴിയുന്ന എല്ലാവരുടെയും പരിശോധനാ ഫലം ഇതോടെ പുറത്തുവന്നു. നിരീക്ഷണത്തില്‍ കഴിയുന്ന 329 പേര്‍ക്കും നിപ്പാ ലക്ഷണങ്ങളില്ല. നിപ്പാ ഉറവിട പരിശോധനകള്‍ സജീവമായി തുടരുമ്പോഴാണ് മറുവശത്ത് ആരോഗ്യവകുപ്പിന് ആശ്വാസമായി പരിശോധനാഫലങ്ങള്‍ പുറത്ത് വരുന്നത്.
അതേസമയം, നിപ്പാ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനിലയും തൃപ്തികരമാണ്. കടുത്ത മസ്തിഷ്ക ജ്വരം ഉണ്ടായിരുന്ന യുവാവിന്റെ പനി കുറഞ്ഞു. പരസഹായമില്ലാതെ വിദ്യാര്‍ത്ഥി നടക്കാനും തുടങ്ങി. നിലവില്‍ പുതിയതായി നിപ രോഗലക്ഷണങ്ങളോടെ സംസ്ഥാനത്ത് ആരും ചികിത്സ തേടിയിട്ടില്ല എന്നത് ആരോഗ്യവകുപ്പിന് ആത്മവിശ്വാസം പകരുന്നുണ്ട്. എന്നാല്‍ വരും ദിവസങ്ങളിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.
Discussion about this post